അഴീക്കോട്
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അഴീക്കോട് ചാൽബീച്ച് ഇനി ഹരിതബീച്ച്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് ചാൽബീച്ചിനെ പഞ്ചായത്ത് ഹരിതബീച്ചായി പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ബീച്ചിന്റെ പ്രവേശന കവാടത്തിലും പാർക്കിനകത്തുമായി വാട്ടർ എടിഎം സ്ഥാപിച്ചിരുന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സിഎഫ്സി ടൈഡ് ഫണ്ടിൽനിന്ന് 4,89,000 രൂപ ചെലവിലാണ് വാട്ടർ എടിഎം സ്ഥാപിച്ചത്.
ബീച്ചിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ഏഴ് ശുചീകരണ തൊഴിലാളികളുണ്ട്. മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. അജൈവമാലിന്യങ്ങൾ ഹരിത കർമസേന ശേഖരിക്കുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്താൻ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വവും പരിസ്ഥിതി മാനദണ്ഡങ്ങളും ആധാരമാക്കിയുള്ള ബ്ലുഫ്ലാഗ് പദവി ലഭിക്കാനുള്ള പരിഗണനയിലാണ് ചാൽബീച്ച്. പദവി ലഭിച്ചാൽ സംസ്ഥാനത്തെ രണ്ടാമത്തെ ബ്ലുഫ്ലാഗ് ബീച്ചായി ഇത് മാറും. അംഗീകാരം ലഭിക്കുന്നതിനുള്ള വിദഗ്‌ധപരിശോധന നടന്നുവരികയാണ്.
ഹരിതബീച്ച് പ്രഖ്യാപനത്തോടെ ചാൽബീച്ച് കൂടുതൽ ശ്രദ്ധയാകർഷിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിനാൽ ബീച്ചിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് പറഞ്ഞു. കടലാമ സംരക്ഷണകേന്ദ്രം, കടൽപക്ഷി സംരക്ഷണം കേന്ദ്രം, ബട്ടർ ഫ്ലൈ പാർക്ക് എന്നിങ്ങനെയുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ ചാൽ ബീച്ചിനോട് ചേർന്ന് വർഷങ്ങളായി സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.
ചാൽ ബീച്ചിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഹരിതബീച്ച് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ മുഹമ്മദ് അഷറഫ്, പി വി ഹൈമ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എ റീന സ്വാഗതവും ഇ പി അബ്ദുള്ള നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..