ശ്രീകണ്ഠപുരം
പയ്യാവൂർ പഞ്ചായത്ത് സമ്പൂർണ പട്ടയ വിതരണ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി പട്ടയ പ്രശ്‌ന പരിഹാര മേള ആരംഭിച്ചു. പയ്യാവൂർ ഗവ. യുപി സ്‌കൂളിൽ ആരംഭിച്ച ആദാലത്തിൽ 168 പേർ രേഖാപരിശോധനക്കെത്തി. ഇതിൽ 130 പേർക്കും പട്ടയമില്ലെന്ന് വ്യക്തമായി. പഞ്ചായത്തിന്റെ കണക്കുപ്രകാരം 750ൽ അധികം ആളുകൾക്ക് പട്ടമില്ലെന്നാണ് കണക്കാക്കുന്നത്. ഈ പ്രശ്‌നം ഇതോടെ പരിഹരിക്കുകയാണ് ലക്ഷ്യം.
മലയോരത്ത് കുടിയേറിയവർ പാട്ടം, മറുപാട്ടം, കുഴിക്കാണം, കൈവശാവകാശം, ജന്മം എന്നീ രീതികളിലാണ് കർഷകർക്ക് സ്ഥലം ലഭ്യമായത്. ഭൂപരിഷ്‌ക്കരണ നിയമവും ലാന്റ് ട്രിബ്യൂണലുകളും വഴി പട്ടയം ലഭ്യമായിട്ടുണ്ട്. ഈ രേഖകൾ നിയമസാധുതയുള്ളതാണെന്ന് പരിശോധിക്കുന്നതിനായി പട്ടയ പ്രശ്‌ന പരിഹാരമേള ഉപകരിക്കും.
രണ്ടാം ഘട്ട പ്രവർത്തനവും പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. പട്ടയമില്ലാത്തവരെ കണ്ടെത്തി അപേക്ഷ നൽകുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കും. നിലവിൽ പട്ടയം ഇല്ലാതെ നികുതി അടയ്‌ക്കാൻ കഴിയുന്നവർക്ക് പട്ടയം ലഭ്യമാക്കാനും, നികുതി അടക്കാൻ സാധിക്കാത്ത ഭൂ ഉടമകൾക്ക് നികുതി അടയ്‌ക്കാനും തുടർന്ന് പട്ടയം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി. ഇതിനായി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് രണ്ടുദിവസം ഹെൽപ്പ് ഡെസ്‌ക്ക് സ്ഥാപിക്കും. ഹെൽപ്പ് ഡസ്‌ക്കിന് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ടി കെ പരിത്രൻ നേതൃത്വം നൽകും. ലാന്റ് ട്രിബ്യൂണലിൽ സൗജന്യ നിയമ സഹായത്തിന് അഭിഭാഷകൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തും. ആദിവാസി മേഖലയിൽ പ്രത്യേകം പരിശോധനയും ആരംഭിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..