22 November Friday

കടുക്കാരവും പുലിപ്പേടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കരിമണൽ പാറയിലെ ഇ ജനാർദനന്റെ വീട്ടിലെ വളർത്തുനായയെ 
അജ്ഞാതജീവി ഭക്ഷിച്ചനിലയിൽ

പാടിയോട്ടുചാൽ
വീണ്ടും പുലിപ്പേടിയിൽ മലയോരം. പെരിങ്ങോം–-- വയക്കര പഞ്ചായത്തിലെ കടുക്കാരം കരിമണൽപാറയിൽ വീട്ടിൽ കെട്ടിയിട്ട നായയെ  കൊന്നുതിന്നു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ഇ ജനാർദനന്റെ വീടിന് മുന്നിൽ കെട്ടിയിട്ട നായ കുരക്കുന്ന ശബ്ദം കേട്ടിരുന്നു. വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ചങ്ങലയ്ക്കിട്ടിരുന്ന നായയെ കാണാനില്ലായിരുന്നു. ഞായറാഴ്ച ഉച്ചവരെ തെരച്ചിൽ നടത്തിയിട്ടും കാണാത്തതിനെതുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.  
എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടത്തിയപ്പോഴാണ് പരിസരത്ത് പുതുതായി പണിയുന്ന വീടിന് സമീപം പുലിയുടേതിന് സമാനമായ കാൽപ്പാട് കണ്ടത്. ഇത് പുലിയുടെ കാൽപ്പാടാകാമെന്ന്‌  വനംവകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തുടർന്ന്‌ നടത്തിയ തിരച്ചിലിൽ  കരിമണൽ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ടിൽ  വളർത്തുനായയുടെ അവശിഷ്‌ടവും അജ്ഞാതജീവിയുടെ കാഷ്ടവും കണ്ടെത്തി.  തലയും ശരീരഭാഗവും ഭക്ഷിച്ച നിലയിലാണ്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്ഥലത്തെത്തി  ക്യാമറ സ്ഥാപിച്ചു. 
അതേസമയം തിങ്കളാഴ്ച രാത്രി എട്ടോടെ കക്കറ നാഗമുള്ള ചൊവ്വരത്തി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരികിൽ നാട്ടുകാരും എട്ടരയോടെ കക്കറ–-- വെള്ളോറ റോഡിൽ ചെമ്പുല്ലാഞ്ഞിയിൽ ബൈക്ക് യാത്രികനായ യുവാവും അജ്ഞാതജീവിയെ കണ്ടതായി പറയുന്നു.  വനംവകുപ്പ് അധികൃതർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്‌.  അജ്ഞാത ജീവിയെക്കുറിച്ച്‌ ഉടൻ സൂചന ലഭിക്കുമെന്ന്‌ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി രതീശൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചെറുപുഴ ടൗണിന് സമീപം  രണ്ടുതവണ ഇതിനുസമാനമായ  ജീവിയെ കണ്ടിരുന്നു. കൂട് സ്ഥാപിച്ച് ഉടൻ ഇവയെ പിടികൂടി ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top