ഇരിട്ടി
കാട്ടാനകളിൽനിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക് എട്ടിലാണ് മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്. മഴ മാറിയാലുടൻ വിളവെടുപ്പ് നടത്തി മഞ്ഞൾ വിത്താക്കി വിൽക്കും. കാട്ടാനകളും വന്യജീവികളും താരതമ്യേന ആക്രമിച്ച് നശിപ്പിക്കാത്ത കൃഷിയെന്ന നിലയ്‌ക്കാണ് ഫാമിലും ആദിവാസി മേഖലയിലും ഇടവിളകൃഷിയായി ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള കൃഷി വിപുലപ്പെടുത്തുന്നത്. വിപണിയിൽ ലഭിക്കുന്ന മഞ്ഞളിനേക്കാൾ നിറവും മണവും ഗുണവും ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ആറളം ഫാം മഞ്ഞളിനുള്ളതിനാൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്.
കഴിഞ്ഞ വർഷം മഞ്ഞൾ കൃഷി നടത്തിയിരുന്നില്ല. രണ്ടുവർഷം മുമ്പ് മികച്ച ആദായം ലഭിച്ചിരുന്നു. നേരത്തെ മഞ്ഞൾ പൊടിച്ച് പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ചപ്പോഴും എളുപ്പം വിറ്റഴിക്കാനായി. ഇക്കൊല്ലം മുതലാണ് മഞ്ഞൾ വിത്ത് വിൽപ്പനക്ക് ഊന്നൽ നൽകുന്നതെന്ന് ഫാം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പി കെ നിധീഷ്‌കുമാർ പറഞ്ഞു. ആദിവാസി പുനരധിവാസ മേഖലയിൽ ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലും ഇഞ്ചി, മഞ്ഞൾ കൃഷിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..