പഴയങ്ങാടി
മഴമാറി വയലിലെ മണ്ണുണങ്ങിയെന്ന ധൈര്യത്തിലാണ് ഏഴോം നരിക്കോട്ടെ കർഷകർ ഉഴുന്നിന് വിത്തിട്ടത്. വയൽ ഉഴുത് മറിച്ച് വിത്തിട്ട് 15 ദിവസം കഴിഞ്ഞു. മുളപൊട്ടി ചെടികൾ തളിർത്തുവളരുന്നതിനിടയ്ക്കാണ് കാലംതെറ്റി മഴയെത്തിയത്. രണ്ട് ദിവസം നിർത്താതെ മഴ പെയ്തതോടെ വയലിൽ വെള്ളം നിറഞ്ഞു. ഉഴുന്നു ചെടികൾ വെള്ളത്തിനടിയിലായി.
നരിക്കോട് ആൽ മുതൽ കൈവേലി, പാറമ്മൽ പ്രദേശംവരെ വ്യാപിച്ച് കിടക്കുന്ന നാൽപ്പത് ഏക്കർ പാടശേഖരത്തിലാണ് ഉഴുന്ന് കൃഷി നാശത്തിന്റെ വക്കിലെത്തിയത്. വയലിൽ വെള്ളം കെട്ടിനിന്നാൽ വേര് ചീഞ്ഞ് വലിയ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ. എൺപതോളം കർഷകരാണ് നരിക്കോട് വയലിൽ ഉഴുന്ന് കൃഷിയിറക്കിയത്. ഒരേക്കറിൽ പച്ചക്കറി കൃഷിയുമുണ്ട്. ഇതും മഴയിൽ മുങ്ങി.
മഴ കുറഞ്ഞതോടെ വയലുകളിൽ കെട്ടിനിൽക്കുന്ന വെള്ളം ചാലുകീറി ഒഴുക്കിക്കളഞ്ഞ് കൃഷിനാശത്തിന്റെ ആഘാതം കുറക്കാനുള്ള ശ്രമത്തിലാണ്. രണ്ട് വർഷം മുമ്പും അപ്രതീക്ഷിതമായി പെയ്ത മഴ കർഷകർക്ക് ദുരിതം വിതച്ചിരുന്നു. അന്നത്തേതിനേക്കാൾ ഇത്തവണ കൃഷിനാശം കൂടുതലാണെന്നാണ് കർഷകർ പറയുന്നത്. കൃഷിവകുപ്പിൽനിന്ന് ആശ്വാസനടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..