ചക്കരക്കൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട് പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ (65) യാണ് ചക്കരക്കൽ എസ്എച്ച്ഒ എം പി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്. ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റിമാൻഡിലായ ഇയാൾ ജാമ്യംകിട്ടി ജയിലിൽനിന്ന് പുറത്തിറങ്ങിയതാണ്.
പെൺകുട്ടിയുടെ മാതാവ് ഗർഭിണിയാണെന്ന വിവരം പിന്നീടാണറിഞ്ഞത്. മാനസിക വൈകല്യമുള്ള യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദനായിരുന്നു. യുവതി ഇക്കാര്യം പറഞ്ഞെങ്കിലും ഇയാൾ നിഷേധിച്ചു. ബന്ധുക്കളും വിശ്വസിച്ചില്ല.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോൾ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്കൊപ്പം സദാനന്ദന്റെ രക്തസാമ്പിളും ശേഖരിച്ച് അയച്ചു. പരിശോധനാഫലം വന്നപ്പോഴാണ് യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദനാണെന്ന് വ്യക്തമായത്. പോക്സോ കേസിൽ തലശേരി കോടതിയിൽ വിചാരണക്കായി പോയി മടങ്ങുമ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..