05 December Thursday

നാടിന്റെ അകമായി 
അഴീക്കോടിന് നാടകോൽസവം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

അഴീക്കോട് ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച നാടകോത്സവത്തിനെത്തിയവർ

അഴീക്കോട്
ഓർമച്ചെപ്പിലേക്ക് മാഞ്ഞ നാടകവേദിയുടെ ബാല്യകാല സ്മരണകളിലേക്കുള്ള  സഞ്ചാരമായിരുന്നു അഴീക്കോടുകാർക്ക്  ‌ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ്  സമ്മാനിച്ചത്‌. അരങ്ങിൽ  അത്ഭുതം തീർക്കുന്ന അതുല്യ കലാകാരന്മാരുടെ  പകർന്നാട്ടങ്ങൾ നാടകാസ്വാദകർക്ക് ​ഗത​കാല സ്മരണകൾ അയവിറക്കാനുള്ള സുവർണനിമിഷങ്ങളായി. വിസ്മയം തീർക്കുന്ന വേഷപ്പകർച്ചകൾ പുതുതലമുറയിലെ കുട്ടികൾക്കും നവ്യാനുഭവമായി.  ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യമായ  അഴീക്കോട് ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച നാടകോത്സവം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രൊഫഷണൽ നാടകവേദികളിലെ മികച്ച കലാകാരന്മാർ അണിനരന്ന അഞ്ച് നാടകങ്ങളാണ്  അരങ്ങേറിയത്.  ഉദ്ഘാടന ദിവസം അഴീക്കോടിന്റെ പ്രിയപ്പെട്ട നാടക കലാകാരൻ  കാട്ടാറിന്റെ സ്മരണയ്‌ക്കായി ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകം അരങ്ങേറി.  
   തുടർ  ദിവസങ്ങളിലെല്ലാം അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വേദി നാടക ആസ്വാദകരാൽ നിറഞ്ഞു. തിങ്കൾ കൊല്ലം ആവിഷ്‌കാരയുടെ ‘സൈക്കിളും’  ചൊവ്വ കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചവും ബുധൻ തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ  ‘മുച്ചീട്ടുകളിക്കാരന്റെ മകളും’ അരങ്ങേറി. സമാപന ദിവസമായ വ്യാഴം കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ  ‘റിപ്പോർട്ടർ നമ്പർ 79’  അരങ്ങേറും. നാടകോത്സവത്തിന്റെ  സമാപന സമ്മേളനം വൈകിട്ട് 6.30ന്  കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ ഉദ്ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top