പയ്യന്നൂര്‍
കണ്ടോത്ത് വര്‍ക്ക്ഷോപ് ഗാരേജില്‍ വന്‍ തീപിടിത്തം. രണ്ടുവാഹനങ്ങള്‍ പൂര്‍ണമായും മൂന്ന് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. സമീപമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അഗ്നിരക്ഷാ സേന ഒഴിവാക്കിയത് വന്‍ ദുരന്തം.
ബുധൻ പുലര്‍ച്ചെ ഒന്നോടെ കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം ടിപി ഓട്ടോ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉടമകള്‍ക്ക് കൈമാറാനായി സൂക്ഷിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഗാരേജിന്റെ മേല്‍ക്കൂരയുടെ ഫൈബര്‍ ഗ്ലാസ് ഷീറ്റുള്‍പ്പെടെ ഉരുകിയൊലിച്ചു. പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി വി പ്രകാശ്കുമാര്, അസി. സ്റ്റേഷൻ ഓഫീസര്‍ സി പി ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
കത്തിനശിച്ച വാഹനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബാറ്ററിയുണ്ടായിരുന്നത്. ഇതില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന നിരവധി വാഹനങ്ങൾ ഗാരേജിലുണ്ടായിരുന്നു. വാഹന ഉടമകളെത്തിയാല്‍ മാത്രമേ നഷ്ടത്തിന്റെ കണക്കുകളെടുക്കാന്‍ കഴിയൂ. ഗാരേജ് ഉടമ കണ്ടോത്തെ ടി പി നീതു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..