കണ്ണൂർ
കൈത്തറിക്കൊപ്പം വളർന്ന മലബാർ ജനതയുടെ ജീവിതവും പോരാട്ട ചരിത്രവും പുതുതലമുറക്ക് പകർന്നുനൽകുകയാണ് കൈത്തറി മ്യൂസിയം. ഇൻഡോ –യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച പയ്യാമ്പലത്തെ ഹാൻവീവ് കെട്ടിടത്തിലാണ് മ്യൂസിയം.
കണ്ണൂരിന്റെ ചരിത്രത്തിനൊപ്പംചേർന്നു നിൽക്കുന്ന കൈത്തറിയുടെ പാരമ്പര്യം സചിത്രമായി വിവരിക്കുന്നുണ്ട്. വസ്‌ത്രധാരണ പൈതൃകം, വസ്‌ത്രനിർമാണ പൈതൃകം, സാംസ്‌കാരിക വളർച്ചയുടെ ഘട്ടങ്ങൾ എന്നിവയുണ്ട്.
കൈത്തറി വ്യവസായ വളർച്ചയിൽ ജനകീയ കൂട്ടായ്‌മയുടെയും സഹകരണമേഖലയുടെയും സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ മൂന്നു ഗ്യാലറികളും വസ്‌ത്രത്തിന്റെയും കൈത്തറിയുടെയും ഓടങ്ങളുടെയും ഉത്ഭവത്തെ കുറിച്ചുള്ളതാണ്.
പഞ്ഞിയും നൂലും, നൂൽനൂൽക്കൽ, നെയ്‌ത്ത്, മിനുസപ്പെടുത്തൽ, അച്ചടിയും നിറം മുക്കലും, അവസാന മിനുക്കുകൾ തുടങ്ങിയവയെല്ലാം ചിത്രംസഹിതമുണ്ട്. പഴയകാല തറി, കുഴിത്തറി എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പഴയകാല വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളുമുണ്ട്. പത്ത് ഗ്യാലറികളുണ്ട്. ഒന്നാം എൽഡിഎഫ് സർക്കാരിൽ രാമചന്ദ്രൻ കടന്നപ്പള്ളി മ്യൂസിയം വകുപ്പ് മന്ത്രിയായിരിക്കെയാണ് പയ്യാമ്പലത്തെ കെട്ടിടം പൈതൃകമന്ദിരമായി പ്രഖ്യാപിച്ചത്. കെട്ടിടം 65 ലക്ഷം രൂപ ചെലവിലാണ് ശാസ്‌ത്രീയമായി സംരക്ഷിച്ചത്.
കേരള ചരിത്ര പൈതൃകമ്യൂസിയം നോഡൽ ഏജൻസിയായി 1.20 കോടി രൂപ ചെലവിൽ കൈത്തറി മ്യൂസിയം സജ്ജീകരിച്ചു. വിദേശികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ സന്ദർശകാരായുണ്ട്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് ഇളവുണ്ട്. കൈത്തറിയുടെ ചരിത്രവും പൈതൃകവും ജനങ്ങളിലെത്തിച്ച് സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് മ്യൂസിയം ക്യൂറേറ്റർ ആർ സജീവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..