17 September Tuesday

ഓണത്തിനൊരുങ്ങാം കൈത്തറിത്തനിമയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കണ്ണൂര്‍ പൊലീസ് മൈതാനിയിലെ കൈത്തറി ഓണം വിപണനമേളയില്‍നിന്ന്

കണ്ണൂർ
ലോകമെങ്ങും പേരുകേട്ട കണ്ണൂർ കൈത്തറിയുടെ വൈവിധ്യങ്ങളാണ്‌  ഓണം കൈത്തറി മേളയിൽ  കാത്തിരിക്കുന്നത്.  പാരമ്പര്യത്തനിമയും  പുതുഡിസൈനുകളും ഇഴ ചേരുന്ന വസ്‌ത്രലോകം മലയാളിയുടെ ഒരിക്കലും പഴകാത്ത വസ്‌ത്രസങ്കൽപ്പങ്ങൾക്കാണ്‌ മാറ്റു കൂട്ടുന്നത്‌. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും കൈത്തറി വികസന സമിതിയും ചേർന്നൊരുക്കുന്ന മേള കണ്ണൂർ പൊലീസ്‌ മൈതാനിയിലാണ്‌ നടക്കുന്നത്‌. 
കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവയ്‌ക്കുപുറമെ കരകൗശല സംഘങ്ങൾ, ഇത്തര സംസ്ഥാന വസ്‌ത്ര  കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ മേളയിലുണ്ട്‌. സാറ്റൺ, കോട്ടൺ  ബെഡ്‌ ഷീറ്റുകളുടെ വിപുലമായ ശേഖരമാണ്‌ കാഞ്ഞിരോട്‌ വീവേഴ്‌സ്‌ സ്‌റ്റാളിലുള്ളത്‌. 680 മുതൽ മൂവായിരംവരെയാണ്‌ വില. ലിനൻ ഉൾപ്പെടെയുള്ള ഷർട്ട്‌ തുണികളും സീ സക്കർ ഷർട്ടിങ്‌ എന്ന പുത്തൻ ഇനവും ഇവിടെയുണ്ട്‌. മഞ്ഞമുണ്ടുകളും  ഹണികോമ്പ്‌ ഡിസൈനിലുള്ള ഷർട്ട്‌ പീസുകളുമാണ്‌ ചിറക്കൽ വീവേഴ്‌സിന്റെ പ്രത്യേക ഇനങ്ങൾ. ഇരിണാവ്‌ വീവേഴ്‌സിന്റെ ഫാബ്രിക്‌ പെയിന്റ്‌ ചെയ്‌ത സാരികൾക്കും കരിവെള്ളൂർ  വീവേഴ്‌സിന്റെ ചുരിദാർ സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്‌. പിണറായി,  പെരളശേരി, കൂത്തുപറമ്പ്‌,  പുഴാതി, മൊറാഴ, കണ്ണപുരം  നെയ്‌ത്തുസംഘങ്ങളെല്ലാം മേളയിൽ സജീവമാണ്‌. കേരള സാരികളുടെ വൻ ശേഖരവുമായണ്‌ ബാലരാമപുരം കൈത്തറി മേളയിലെത്തിയത്‌. ഇത്തവണത്തെ ഓണത്തിന്‌ ട്രെൻഡ്‌ ആയ സ്‌ട്രൈപ്‌, ചെക്ക്‌ കേരളസാരികളും സെറ്റ്‌ മുണ്ടുകളുമിവിടെയുണ്ട്‌. 7,600 മുതൽ 13,600 വരെയാണ്‌ ഈ സാരികളുടെ വില.  ഉത്തർപ്രദേശിൽനിന്നുള്ള സംരംഭകരുടെ സ്‌റ്റാളുകളിൽ ചുരിദാർ സെറ്റുകളും സാരികളും കോട്ടൺ ടോപ്പുകളുമുണ്ട്‌.
  20 ശതമാനം റിബേറ്റിലാണ് വിൽപ്പന.  ഇത്തവണ പത്തുകോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ  സാമ്പത്തിക സഹായത്തോടെയാണ് മേള.  1,000 രൂപയുടെ ഉൽപ്പന്നം വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നേടാം.  13ന്‌ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top