21 December Saturday
സർക്കാർ ആശുപത്രികളിൽ എട്ടുവർഷത്തിൽ വലിയ മാറ്റം

വിദഗ്‌ധ ചികിത്സ എല്ലാവർക്കും ഉറപ്പാക്കി:- മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്‌ സമീപം നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ മന്ത്രി വീണാ ജോർജ് 
ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ

മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ചികിത്സകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെ യാഥാർഥ്യമായത് ഇതിന് തെളിവാണ്‌. ജില്ലയിലെ  വിവിധ ആശുപത്രികളിലെ വിവിധ നിർമാണങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആരോഗ്യരംഗത്ത്‌ എട്ടുവർഷംകൊണ്ട് വലിയ മാറ്റങ്ങളുണ്ടായി.  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ്, ഫിസിയോതെറാപ്പി ഉൾപ്പെടെ മികച്ച സൗകര്യങ്ങളെത്തി. മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ചികിത്സാ സംവിധാനമൊരുക്കി. സ്വകാര്യ ആശുപത്രികൾ അരക്കോടിരൂപയോളം ഈടാക്കുന്ന അവയവമാറ്റങ്ങൾ നമ്മുടെ മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ നടക്കുന്നു. തലശേരി മലബാർ ക്യാൻസർ സെന്ററിൽ, അർബുദം വന്നിടത്ത് മാത്രം റേഡിയേഷൻ നൽകുന്നു. കണ്ണിന്‌ അർബുദം ബാധിച്ചാൽ കണ്ണ്‌ എടുത്തുകളയാതെ ചികിത്സിക്കാൻ രാജ്യത്ത്‌ നാലിടത്താണ്‌ സംവിധാനമുള്ളത്‌. അതിലൊന്നാണ്‌ തലശേരി എംസിസി. രോഗത്തിന് ചികിത്സയെന്നതിനപ്പുറം രോഗാതുരത കുറയ്ക്കുകയാണ് ലക്ഷ്യം. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ മരണനിരക്ക് ലോകത്തിൽ 95 ശതമാനമാണ്‌. കേരളത്തിലിത് 25 ശതമാനം മാത്രമാണെന്നത്‌ ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മന്ത്രി പറഞ്ഞു. 

19.75 കോടി രൂപ ചെലവിട്ട്‌  പിണറായിയിൽ നിർമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ചികിത്സാരംഗത്ത്‌ പുതിയ കാൽവയ്‌പ്പാകും. 

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം, ഫിസിയോ തെറാപ്പി യൂണിറ്റ്‌, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌, ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ, തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രി അമ്മയും കുഞ്ഞും ബ്ലോക്ക്‌, മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്‌സ്, പഴയങ്ങാടി താലൂക്ക് ആശുപത്രി  സ്റ്റാഫ് ക്വാർട്ടേഴ്സ്‌,  മാട്ടൂലിലെ ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം, പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം  കെട്ടിടനിർമാണോദ്ഘാടനം എന്നിവ യും മന്ത്രി നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top