22 December Sunday

അമ്പോ....!!! പെരുമ്പാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
കണ്ണൂർ 
തിങ്കളാഴ്‌ച രാത്രി പുതിയതെരുടൗണിൽ പരിഭ്രാന്തിയുണ്ടാക്കിയത്‌ ഒന്നല്ല. രണ്ട്‌ ഉഗ്രൻ പെരുമ്പാമ്പുകൾ....  ദേശീയപാതയ്‌ക്കരികിലെ ഓടിട്ട പഴയകെട്ടിടത്തിനു മുകളിൽ നീണ്ടുനിവർന്നു കിടക്കുകയായിരുന്നു രണ്ടും. വ്യാപാരികളും നാട്ടുകാരും സ്‌നേക്‌ റസ്‌ക്യൂ പ്രവർത്തകരുമെല്ലാം കിണഞ്ഞുശ്രമിച്ചിട്ടും കെട്ടിടത്തിനുള്ളിലേക്ക്‌ ഇഴഞ്ഞുപോയ പാമ്പിനെ പിന്നീട്‌ കണ്ടെത്താനായില്ല. പാമ്പിനെ കാണാനുള്ള കൗതുകത്തിൽ ഓടിക്കൂടിയ ആളുകളെ പൊലീസും കെ വി സുമേഷ്‌ എംഎൽഎയും ചേർന്നാണ്‌ നിയന്ത്രിച്ചത്‌.
വൻതിരക്കുള്ള നഗരങ്ങളിൽപോലും പെരുമ്പാമ്പുകളിറങ്ങുന്ന സംഭവങ്ങൾ വർധിക്കുകയാണ്‌. കഴിഞ്ഞദിവസം പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്‌ജിനു സമീപത്തും രണ്ട്‌ വലിയ പെരുമ്പാമ്പുകളെ കണ്ടെത്തി. തിങ്കളാഴ്‌ച രാത്രി മോറാഴയിൽ വീട്ടുമുറ്റത്തും പെരുമ്പാമ്പിനെ കണ്ടു. ഇരതേടാനും ഇണചേരാനുമാണ്‌ പെരുമ്പാമ്പുകൾ സഞ്ചരിക്കുന്നതെന്ന്‌ മലബാർ അവയർനെസ്‌ ആൻഡ്‌ റെസ്‌ക്യു സെന്റർ പ്രവർത്തകൻ റിയാസ്‌ മാങ്ങാട്‌ പറഞ്ഞു. 
പെരുമ്പാമ്പ്‌ ഒരുതവണ 60 മുതൽ 100 വരെ മുട്ടകളിടും. മറ്റ്‌ പാമ്പുകളെ അപേക്ഷിച്ച്‌ പെരുമ്പാമ്പ്‌ കുഞ്ഞുങ്ങളുടെ അതിജീവനശേഷി കൂടുതലാണ്‌. ശംഖുവരയനുൾപ്പടെയുള്ള പാമ്പുകൾ പെരുമ്പാമ്പ്‌ കുഞ്ഞുങ്ങളെ ഭക്ഷിക്കാറില്ല. അതിനാൽ ഇവയുടെ എണ്ണം കുറയുന്നില്ല. ഏത്‌ പരിതസ്ഥിതിയിലും വളരാനാവുമെന്നതും പെരുമ്പാമ്പുകളുടെ സവിശേഷതയാണ്‌. 
ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലം പെരുമ്പാമ്പുകളുടെ ഇണചേരൽ കാലമാണ്‌. ഫെറമോൺ എന്ന രാസവസ്‌തു വഴിയുള്ള ആശയ വിനിമയത്തിലൂടെ ഇണയെ കണ്ടെത്താനും ഇണചേരാനും യാത്ര ചെയ്യുന്നതിനാലാണ്‌ പെരുമ്പാമ്പുകളെ ജനവാസമേഖലകളിൽ കൂടുതലായി കാണുന്നത്‌.  
വികസനപ്രവർത്തനങ്ങൾക്കായി നാട്ടിൻ പുറങ്ങളിൽനിന്ന്‌ ശേഖരിച്ച മണ്ണ്‌ നഗരകേന്ദ്രങ്ങളിൽ ഇടുമ്പോൾ അതിലുള്ള മുട്ട വിരിഞ്ഞും പെരുമ്പാമ്പുകൾ നഗരത്തിലെത്തുന്നുണ്ട്‌. പെരുമ്പാമ്പിനെയും മൂർഖനെയും പിടിക്കാൻ ആവശ്യപ്പെട്ടുള്ള കോളുകളാണ്‌ കൂടുതൽ വരുന്നതെന്നും റിയാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top