ഏഴോം
‘തൊഴിലുറപ്പ് പദ്ധതി ’യിലൂടെ മറ്റൊരു തൊഴിൽവഴി കണ്ടെത്തി ഏഴോത്തെ വനിതകൾ വാർത്തെടുക്കുന്നത് ‘ഒരുമ'യുടെ വിജയഗാഥ. പതിവ് വഴികളിൽനിന്ന് മാറി ചിന്തിച്ചപ്പോഴാണ് സംരംഭകത്വത്തിന്റെ പുതുവഴികൾ ഇവരെ തേടിയെത്തിയത്. തൊഴിലുറപ്പ് പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ‘സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ ' നിർമിക്കുന്ന അപൂർവ തൊഴിൽ സംരംഭമാണ് ‘ഒരുമ’യുടേത്. ഏഴോം പഞ്ചായത്ത് ഒമ്പതാംവാർഡിലെ ചെങ്ങൽത്തടത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.
2021ലാണ് സൗപർണിക കുടുംബശ്രീ പ്രവർത്തകരായ സി അനിത, പി ഗീത, ബി ബിന്ദു, പി സജിത എന്നിവരും സൂര്യ കുടുംബശ്രീയിലെ വി ടി നളിനി, ആഞ്ചല ബെന്നി എന്നിവരും ചേർന്ന് സംരംഭം ആരംഭിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തി നടന്ന സ്ഥലത്ത് സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നത് സ്വകാര്യ സംരംഭമാണെന്ന് മനസ്സിലാക്കിയ ഇവർ അതിന്റെ നിർമാണം ഏറ്റെടുക്കുകയായിരുന്നു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മുഖേന വ്യവസായ വകുപ്പിൽനിന്ന് അഞ്ചുലക്ഷം രൂപ സബ്‌സിഡിയോടെ വായ്പയെടുത്താണ് പ്രവർത്തനം തുടങ്ങിയത്. ഏഴോം സിഡിഎസിൽ അഫിലിയേറ്റുചെയ്‌ത് ഡിസംബർ 20നായിരുന്നു ഉദ്‌ഘാടനം. ഏഴോത്ത് തുടങ്ങി ചെറുതാഴം, മാടായി, കുഞ്ഞിമംഗലം, കടന്നപ്പള്ളി, പട്ടുവം, രാമന്തളി എന്നിവിടങ്ങളിലേക്കും ബോർഡുകൾ നൽകുന്നു.
നിശ്ചിത അളവിൽ ഫ്രെയിംനിർമിച്ച് അതിലേക്ക് കോൺക്രീറ്റ് നിറച്ചാണ് ബോർഡ് വാർക്കുന്നത്. പിന്നീട് പെയിന്റ് അടിച്ച് പ്രവൃത്തിയുടെ വിശദാംശങ്ങൾ എഴുതി പ്രവൃത്തി സ്ഥലത്ത് സ്ഥാപിക്കും. പാഴ് വസ്തുക്കൾകൊണ്ടുള്ള ചെടിച്ചട്ടിയും സിമന്റുചട്ടിയും ഇവർ നിർമിക്കുന്നു. ജീവാണു വളംനിർമാണത്തിലും കൂട്ടായ്മ സജീവമാണ്. പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ്സിന്റെയും നിറഞ്ഞ പിന്തുണയാണ് സി അനിത പ്രസിഡന്റും പി ഗീത സെക്രട്ടറിയുമായ കൂട്ടായ്മയുടെ കരുത്ത്. ഫോൺ: 90376 38754.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..