തലശേരി
സിപിഐ എം പ്രവർത്തകൻ ഇരിവേരി ആർവി മെട്ട അരുൺനിവാസിൽ അരുണിനെ (39) വധിക്കാൻ ശ്രമിച്ച കേസിൽ ആറ് ബിജെപിക്കാർക്ക് തടവും പിഴയും. അഡീഷനൽ അസി. സെഷൻസ് കോടതിയാണ് പത്തുവർഷം രണ്ട് മാസം തടവിനും 2,31,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇരിവേരി കോയൻകണ്ടി വീട്ടിൽ സി കെ പ്രജീഷ് (34), മക്രേരി ആർവി മെട്ട പൂങ്കാവനം ഹസ്സന്റെചാലിൽ വീട്ടിൽ കെ പി വിപിൻ (39), ഇരിവേരി സ്വദേശികളായ ലക്ഷംവീട് ലത നിവാസിൽ ആർ ഷിജു (34), ഹസ്സന്റെചാലിൽ വീട്ടിൽ കെ പി ഷിബിൻ (36), ലത നിവാസിൽ ആർ ഷിബിൻ (35), വെള്ളച്ചാൽ തടത്തിൽ വീട്ടിൽ പി സജേഷ് (36) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം.
മൂന്നും എട്ടും പ്രതികളായ ഇരിവേരിക്കാവ് വണ്ടോത്ത് ഹൗസിൽ വി അനിൽകുമാർ (36), ഇരിവേരി ബൈത്തുൽ നൂറിൽ കെ ഉനൈസ് (36) എന്നിവരെ അഡീഷനൽ അസി. സെഷൻസ് ജഡ്‌ജി എം ശ്രുതി വെറുതെവിട്ടു. 2012 ജൂലൈ 22ന് പകൽ മൂന്നിന് ഇരിവേരി തുയ്യത്തുംചാൽ അങ്കണവാടിക്ക് സമീപത്തുവച്ചാണ് അരുണിനെ വധിക്കാൻ ശ്രമിച്ചത്. ഒന്നുമുതൽ എട്ടുവരെ പ്രതികൾ ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് തലക്കും കൈകൾക്കും അടിച്ചുപരിക്കേൽപ്പിച്ചെന്നാണ് കേസ്. ചക്കരക്കൽ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ എസ്‌ഐ കെ രാജീവ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി പ്രകാശൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..