കൂത്തുപറമ്പ്
ജീവിതത്തിന്റെ വസന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനുംവേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് വയോജനങ്ങൾ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് വയോജന സൗഹൃദ ഗ്രാമമാകാൻ പാട്യം പഞ്ചായത്ത്. വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താനും സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുകയാണ് പഞ്ചായത്ത്. വാർഡുതല അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ സർവേ നടത്തിയാണ് അർഹരെ കണ്ടെത്തുക. 50 വീടുകൾക്ക് ഒരു വയോജന അയൽക്കൂട്ടം രൂപീകരിക്കും. പഞ്ചായത്ത്, വാർഡ്തല ക്ലബ്ബുകൾ രൂപീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുക. പഞ്ചായത്ത്തലത്തിൽ വിപുലമായ പദ്ധതികൾ തയ്യാറാക്കുന്നതോടൊപ്പം ആരോഗ്യ കാർഡുകൾ വിതരണം ചെയ്യും. ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായുള്ള ശിൽപ്പശാല ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ബി മദൻമോഹൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ, കെ ലീല,വി രാജൻ, ടി സുജാത, ശോഭ കോമത്ത്, മുഹമ്മദ് ഫായിസ്, അസി.സെക്രട്ടറി എൻ ഉഷ, സി വസന്ത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..