കണ്ണൂർ
കുതിച്ചോടുന്ന ട്രെയിനിൽനിന്ന് ചായകുടിച്ച ഗ്ലാസ് കളയുമ്പോൾ കൈതട്ടി ഫോണും പുറത്തേക്ക് തെറിച്ചപ്പോൾ വിഷമിച്ച ഉമ്മയ്‌ക്കും മകൾക്കും തുണയായത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ അഞ്ചരക്കണ്ടിയിലെ രസിൻ പലേരി.
വെള്ളി പകൽ 12.30ഓടെ പരശുറാം എക്‌സ്‌പ്രസിലാണ് സംഭവം. ആറ്റിങ്ങൽ എളമ്പ സ്വദേശിയായ ഉമ്മ മകളെ നേത്രരോഗ വിദഗ്‌ധനെ കാണിക്കാൻ കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്നു. ചാലക്കുടി സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് ഉമ്മയുടെ ഫോൺ കൈയിൽനിന്ന് പുറത്തേക്ക് തെറിച്ചത്. ഗൂഗിൾപേ ഉൾപ്പെടെ ഫോണിലായിരുന്നു. കൈയിൽ ആവശ്യത്തിന് പൈസയും ഉണ്ടായിരുന്നില്ല. ഇവരുടെ കരച്ചിൽ കണ്ടാണ് തൊട്ടടുത്ത സീറ്റിലിരുന്ന രസിൻ സഹായത്തിനെത്തിയത്.
റെയിൽവേയുടെ ഹെൽപ്പ്‌ലൈനിലും ടിടിഇയെയും അറിയിച്ചെങ്കിലും ഫലമില്ലാതായപ്പോഴാണ് ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി ശ്രീലാലിനെ ബന്ധപ്പെട്ടത്. ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ, സിഐടിയു പ്രവർത്തകരുടെ നമ്പറിൽ ബന്ധപ്പെട്ട് തിരച്ചിൽ തുടങ്ങി. കോഴിക്കോട്ട് ഉമ്മയും മകളും ഇറങ്ങുമ്പോൾ ട്രെയിനിലെ മറ്റു യാത്രക്കാർ കൈവശമുണ്ടായിരുന്ന ചെറിയതുകയും നൽകി.
ട്രെയിൻ വടകര എത്തുമ്പോഴേക്കും ഫോൺ കിട്ടിയെന്ന വിളി രസിലിനെ തേടിയെത്തി. ഉടൻ മകളുടെ നമ്പറിൽ വിളിച്ച് ഫോൺ കിട്ടിയെന്നും തിരിച്ചുപോകുമ്പോൾ കൈമാറാമെന്നും അറിയിച്ചു.
ഡോക്ടറെ കണ്ട് വൈകിട്ട് 6.20ന് തിരുവനന്തപുരം എക്‌സ്‌പ്രസിലാണ് ഉമ്മയും മകളും കോഴിക്കോടുനിന്ന് യാത്ര തിരിച്ചത്. ചാലക്കുടി റെയിൽവേ സ്‌റ്റേഷനിൽവച്ച് ഫോൺ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൈമാറി. നാടിന്റെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്ന ഡിവൈഎഫ്‌ഐയുടെ ചേർത്തുപിടിക്കലിൽ ഏറെ സന്തോഷത്തോടെയാണ് ഉമ്മയും മകളും മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..