22 December Sunday

വയറൊഴിഞ്ഞ്‌ പത്തായങ്ങൾ

എൻ കെ സുജിലേഷ്‌Updated: Saturday Dec 7, 2024

പത്തായം

 

കണ്ണൂർ
പണ്ട്‌ വീടുകളുടെ പ്രൗഢിയുടെ പ്രതീകമായിരുന്നു പത്തായങ്ങൾ.  ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ഈ  വമ്പൻ ‘സംഭരണി’ നെൽക്കൃഷിയും മറ്റും നാമമാത്രമായതോടെ ചുരുങ്ങിത്തുടങ്ങി.  കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളിലേക്ക്‌ വഴിമാറുകയുംചെയ്‌തതോടെ പത്തായങ്ങളുടെ ‘നല്ലകാല’ത്തിന്‌ പൂർണമായും അവസാനമായി. 
മണ്ണും ചാണകവും കരിയുംകൂട്ടി മെഴുകിയവയായിരുന്നു അന്നത്തെ വീടുകളുടെ തറകൾ. ഈർപ്പമുള്ള കാലാവസ്ഥയിൽ ഈ തറയിൽ  ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാകുമായിരുന്നില്ല. ഇതിന്‌ പരിഹാരമായിരുന്നു പത്തായങ്ങൾ. തേക്ക്, ഈട്ടി, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരത്തടികളാണ്‌ പത്തായം നിർമാണത്തിന്‌ ഉപയോഗിച്ചിരുന്നത്.  ബലത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യംനൽകിയായിരുന്നു നിർമാണം. കട്ടിലിന്റെ ഉയരമുള്ളവ മുതൽ ഒരാൾപ്പൊക്കത്തിലുള്ളവവരെ  തറവാടുകൾ സാമ്പത്തിക സ്ഥിതിയനുസരിച്ച്‌ പത്തായങ്ങൾ നിർമിച്ചു. ഒന്നിലേറെ പത്തായങ്ങൾ സൂക്ഷിക്കുന്നതിന്‌ ചിലയിടങ്ങളിൽ പത്തായപ്പുരകളും ഉണ്ടായി.  ചില വലിയ വീടുകളിൽ നിർമാണഘട്ടത്തിൽതന്നെ പത്തായത്തിനായി പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ഇതിൽ രണ്ടുഭാഗത്തും പത്തായങ്ങൾ നിർമിച്ചുവച്ചു.  
നെല്ല്‌, കുരുമുളക്‌, ആട്ടിയ വെളിച്ചെണ്ണ, വാഴക്കുല, ചേന തുടങ്ങിയവയെല്ലാം പത്തായത്തിൽ സൂക്ഷിച്ചിരുന്നു. പല വീടുകളിലും ഓട്ടുരുളിയടക്കമുള്ള വിലപിടിപ്പുള്ള പാത്രങ്ങളും പത്തായത്തിൽ സുരക്ഷിതമായിരുന്നു. തുണി വിരിച്ചും കിടക്കയിട്ടും കട്ടിലാക്കിയും പത്തായം രൂപങ്ങൾ മാറി. ‘പത്തായത്തെ പട്ടിണിക്കിടരുത്‌’ എന്നു ചൊല്ല്‌ അന്വർഥമാക്കുംവിധം എന്തെങ്കിലും കരുതിവയ്‌ക്കാൻ പഴമുറക്കാർ ശ്രദ്ധിച്ചിരുന്നു.  പുതുതലമുറയ്‌ക്ക്‌ കൗതുകക്കാഴ്‌ചയൊരുക്കാൻ ഒറ്റപ്പെട്ട ചില വീട്ടകങ്ങളിൽ ഇപ്പോഴും വയറൊഴിഞ്ഞ പത്തായങ്ങളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top