05 November Tuesday

ആനയെ പേടിക്കേണ്ട; 
ഇനി വെള്ളം അരികിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ആറളം ഫാം ആദിവാസി പുനരധിവാസ മേഖല ബ്ലോക്ക്‌ ഏഴിലെ വയനാട്‌ ഡിവിഷൻ ഭാഗത്ത്‌ നിർമിച്ച ശുദ്ധജല ടാങ്ക്‌

ഇരിട്ടി
ആറളം ഫാം ബ്ലോക്ക്‌ ഏഴിലെ വയനാട്‌ ഡിവിഷനിൽപ്പെട്ട 41 കുടുംബങ്ങൾക്ക്‌ ആനയെ പേടിക്കാതെ കുടിവെള്ളമെടുക്കാം. നേരത്തെ ഏറെദൂരം താണ്ടിയാണ്‌ ഉറവകളിൽനിന്ന്‌ കുടിവെള്ളം തലയിൽ ചുമന്നെത്തിക്കുന്നത്‌. വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ അരുവികൾക്കും ഉറവകൾക്കും അരികെയുണ്ടാവും. ആനകളെ കണ്ട്‌ ഭയന്ന്‌ വെള്ളമെടുക്കാതെ പിന്തിരിഞ്ഞ്‌ ഓടുന്ന കുടുംബങ്ങൾക്ക്‌ ഇപ്പോൾ വീട്ടുമുറ്റത്ത്‌ വെള്ളമെത്തുന്നു. 
നബാർഡ്‌ സഹായത്തോടെ രണ്ടുവർഷംമുമ്പ്‌  ആദിവാസി പങ്കാളിത്തത്തിൽ നിർമിച്ച ഒമ്പതുലക്ഷം രൂപയുടെ ഡ്രിപ്‌ ഇറിഗേഷൻ പദ്ധതിയിലാണ്‌ വെള്ളം ലഭിക്കുന്നത്‌. 6,78,750 രൂപ നബാർഡ്‌ ഗ്രാന്റിലാണ്‌ പദ്ധതി പ്രാവർത്തികമായത്‌. എല്ലാ കുടുംബങ്ങളെയും പ്രതിനിധീകരിച്ച്‌ ജലവിതരണ കമ്മിറ്റിയാണ്‌ നടത്തിപ്പ്‌.  എല്ലാ മാസവും കമ്മിറ്റി യോഗം ചേരും. മൂന്നു മാസത്തിലൊരിക്കൽ ജനറൽബോഡി. പ്രതിമാസം 150 രൂപ വീതം ഓരോ കുടുംബവും നൽകിയാണ്‌ വൈദ്യുതി ബിൽ അടയ്‌ക്കൽ ഉൾപ്പെടെയുള്ള ചെലവ്‌ നിർവഹണം. ഒന്നിടവിട്ട ദിവസങ്ങളിൽ എല്ലാ വീട്ടുകാർക്കും വെള്ളം കിട്ടും.  സിന്തറ്റിക്ക്‌ ടാങ്കുകളിൽ കുടുംബങ്ങൾ വെള്ളം ശേഖരിക്കും. 
ബ്ലോക്ക്‌ ഏഴിൽ നേരത്തെയുണ്ടായിരുന്ന കുളം ആഴവും വീതിയും കൂട്ടി നവീകരിച്ച്‌ വലയിട്ട്‌ മൂടിയാണ്‌ പരമ്പരാഗത ശുദ്ധജലസംരക്ഷണവും പമ്പിങ്ങും. കുന്നിൻ മുകളിൽ കൂറ്റൻ ടാങ്ക്‌ നിർമിച്ചാണ്‌ കുടിവെള്ള ശേഖരണവും വിതരണവും. ആദിവാസി പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ പദ്ധതി. ഫാമിൽ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്താണ്‌  പ്രയോജനം. പട്ടികവർഗ വികസനവകുപ്പിനാണ്‌ മേൽനോട്ടം. നീലേശ്വരത്തെ സെന്റർ ഫോർ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റാണ്‌ പദ്ധതി രൂപീകരിച്ചത്‌. കൃഷിയിടങ്ങളിലെ ജലസേചനത്തിനും പ്രയോജനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top