കണ്ണൂർ
ചുണ്ടൊപ്പിന് വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിലെ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനമാണ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ കൈയൊപ്പ് പദ്ധതിയിലൂടെ നടപ്പാക്കിയത്.
978 ജയിൽ അന്തേവാസികളുടെ വിവരശേഖരണം നടത്തി കണ്ടെത്തിയ നിരക്ഷരരായ 51 പേർക്കാണ് ജയിൽ സ്കൂളിൽ പ്രത്യേക പരിശീലനം നൽകിയത്. അക്ഷരലോകത്ത് എത്തിയ ഇവർക്ക് തുടർ വിദ്യാഭ്യാസം നൽകും. നാലാം ക്ലാസിൽ 13 പേരും ഏഴാം ക്ലാസിൽ അഞ്ച് പേരും പത്താം ക്ലാസിൽ 12 പേരും ഹയർസെക്കൻഡറിയിൽ 13 പേരും ജയിലിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ തുടർ പഠനസൗകര്യവും സാക്ഷരതാമിഷൻ ഒരുക്കും.
കൈയൊപ്പ് പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. വെൽഫയർ ഓഫീസർ സി ഹനീഫ, സാക്ഷരതാ മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ പി പ്രശാന്ത് കുമാർ, പി എ ഫവാസ്, കെ അജിത്ത്, സി പി റിനേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..