പെരിങ്ങോം മേഖല അടിസ്ഥാന സൗകര്യത്തിലും പശ്ചാത്തല വികസനത്തിലും വൻ കുതിപ്പിലാണ്. നാടറിഞ്ഞ, ജനമറിഞ്ഞ വികസനമഴ എല്ലാ പ്രദേശങ്ങളെയും ഒരുപോലെ കുളിരണിയിക്കുന്നതാണ്. റോഡ്, പാലം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം.
ഹാൻഡ് ബോളിന്റെ ഈറ്റില്ലമാണ് വയക്കര. ഇവിടുത്തെ ഒട്ടേറെ താരങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനുമായി കളത്തിലിറങ്ങി. എന്നാൽ മതിയായ പരിശീലന സൗകര്യങ്ങളില്ലാത്തത് പോരായ്മയായി തുടർന്നു. ഈ പരിമിതികൾക്ക് അവസാനംകുറിച്ച് ഒന്നാം പിണറായി സർക്കാർ വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. രണ്ടാം പിണറായി സർക്കാർ അതിന്റെ പൂർത്തീകരണത്തിനായി മൂന്ന് കോടി രൂപയും അനുവദിച്ചു. ഇതിനുപുറമെ മൂന്ന് കോടി രൂപ ചെലവിലാണ് പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനം നവീകരിക്കുന്നത്. വടവന്തൂർ പാലം നിർമാണം പൂർത്തിയായി.
തേജസ്വിനിപ്പുഴയുടെ മറുകരയിൽ കർണാടക വനാതിർത്തിയിൽ താമസിക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്രദേശത്തേക്കൊരു പാലം. 2.4 കോടി രൂപ ചെലവിലാണ് ഇവിടെ പാലം നിർമിക്കുന്നത്. ചെറുപുഴ പഞ്ചായത്തിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന്റെ സ്ഥലം ഏറ്റെടുപ്പിനായി രണ്ടുകോടി രൂപ നീക്കിവച്ചു. എരമം പുല്ലുപാറയിൽ സിവിൽ സപ്ലൈസ് ഗോഡൗണിന്റെ നിർമാണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.
പയ്യന്നൂർ മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് പെരിങ്ങോം ഗവ. കോളേജ്. ഇവിടെ പുതിയ കെട്ടിടം നിർമിക്കാനും മറ്റ് സൗകര്യങ്ങൾക്കുമായി 15 കോടി രൂപയാണ് അനുവദിച്ചത്. പെരിങ്ങോത്തെ അഗ്നിരക്ഷാ നിലയത്തിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമൊരുങ്ങി. ഗവ. ഐടിഐയ്ക്ക് പുതിയ കെട്ടിടവും പുതിയ കോഴ്സുകളും ഒരുങ്ങിയതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. അംബേദ്കർ സെറ്റിൽമെന്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂന്ന് കോടിയിലധികം രൂപയാണ് അനുവദിച്ചത്. സ്കൂളുകൾക്കെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായവ കൃത്യമായി എത്തിക്കാൻ സർക്കാരിന് സാധിച്ചു.
മിക്ക പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിങ് ചെയ്തവയാണ്. പാലങ്ങൾ, ഹൈമാസ്റ്റ് വിളക്കുകൾ, ജലജീവൻ മിഷൻ പദ്ധതി, സ്മാർട്ട് വില്ലേജ് ഓഫീസുകൾ, മൈതാനങ്ങളുടെ നവീകരണം, ചെറുപുഴ സബ് ട്രഷറി, വായനശാലാ കെട്ടിടങ്ങൾ, വിസിബികൾ, പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രി കെട്ടിടം തുടങ്ങി വികസനത്തിൽ പുതുചരിത്രം സൃഷ്‌ടിച്ചു. തെരുവമല, തിരുനെറ്റിക്കല്ല്, വാട്ടർ റാഫ്റ്റിങ്, കയാക്കിങ്,ട്രാക്കിങ് തുടങ്ങിയവ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി ഇവിടം മാറ്റാൻ പറ്റും. ബാഗമണ്ഡലം - പുളിങ്ങോം - ഏഴിമല റോഡ് യാഥാർഥ്യമായാൽ മലയോരത്തുനിന്നും ബംഗളൂരുവിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..