പാനൂർ
പാനൂരിന്റ കിഴക്കൻ മേഖലയിൽ ബോംബ് സ്ഫോടനം പതിവാകുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു. ചെണ്ടയാട്, കുന്നുമ്മൽ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലായി മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. വലിയപറമ്പിന് സമീപമുള്ള റോഡിലാണ് സ്ഫോടനം നടന്നത്. ഉഗ്രശബ്ദത്തോടെ രണ്ടു നാടൻ ബോംബുകളാണ് പൊട്ടിച്ചിതറിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു.
പുളിയത്താംകുന്നിന് മുകളിൽ പകലാണ് സ്ഫോടനം നടന്നത്. കുന്നിന് മുകളിൽ പൊലീസും സ്ക്വാഡും നടത്തിയ പരിശോധനയിൽ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ ഭാഗത്ത് രണ്ടുദിവസങ്ങൾക്ക് മുമ്പും സ്ഫോടനം നടന്നിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കി. നാടൻ ബോംബുകൾ പരീക്ഷണാടിസ്ഥാനത്തിൽ പൊട്ടിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോൺ നമ്പറടങ്ങിയ ഒരു മെഡിക്കൽ സ്ലിപ്പ് പൊലീസ് കണ്ടെടുത്തു. സിപിഐ എം ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, നേതാക്കളായ എൻ അനിൽകുമാർ, പ്രജീഷ് പൊന്നത്ത് ഉൾപ്പെടെയുള്ളവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.
സമഗ്രാന്വേഷണം നടത്തണം–സിപിഐ എം
പാനൂർ
ചെണ്ടയാട്, കുനുമ്മൽ, കണ്ടോത്തുംചാൽ മേഖലകളിൽ സമീപ ദിവസങ്ങളിലായി നടന്ന ബോംബ് സ്ഫോടനത്തെ കുറിച്ച് പൊലീസ് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുനിയിൽ മുരുകൻകോവിൽ വാർഷിക പൂജയോട് അനുബന്ധിച്ച് സംഘ പരിവാർ സംഘടനകളുടെ കൊടിതോരണം കെട്ടി ഉത്സവം അലങ്കോലമാക്കാൻ ആർഎസ്എസ് ക്രിമിനൽ സംഘം ശ്രമിച്ചിരുന്നു. കോവിലിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഭാരവാഹികൾക്കെതിരെ ഭീഷണി മുഴക്കി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ചിരുന്നു. ആ ദിവസംതന്നെ രാത്രി സ്ഫോടനവും നടന്നു. ഇതുമായി ബന്ധപ്പെട്ട് ആർഎസ്എസ്സുകാർക്കെതിരെ പാനൂർ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. കോവിലിന് സമീപമുള്ള കുനുമ്മൽ കള്ള് ഷാപ്പ് കേന്ദ്രീകരിച്ചും ആർഎസ്എസ്സിന്റെ ക്രിമിനൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നുണ്ട് . സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷമുണ്ടാക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. കോവിലിൽ ഉണ്ടാക്കിയ സംഘർഷത്തിന്റെ തുടർച്ചയാണ് കണ്ടോത്തുംചാലിലുണ്ടായ സ്ഫോടനവും. സംഘർഷമുണ്ടാക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. സാധാരണ ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പുവരുത്തണം. പുത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..