22 November Friday

150 കോടിയുടെ തട്ടിപ്പ്:
പ്രതികൾക്ക് മുൻ‌കൂർജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തലശേരി

കണ്ണൂർ സ്വദേശിയുടെ ദുബായിയിലെ വ്യവസായ, -വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 150 കോടിയോളം രൂപ തട്ടിയ കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയിൽ ആലപ്പുഴയിലെ പ്രിൻസ് സുബ്രഹ്മണ്യം, ചങ്ങനാശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രൻ എന്നിവർക്കെതിരെ എടക്കാട് പൊലീസെടുത്ത കേസിലാണ് നടപടി. 
   ദുബായിയിൽ വെൽഗേറ്റ്സ് ഇൻഡസ്ട്രീസ് അടക്കമുള്ള സ്ഥാപനങ്ങൾ നടത്തുന്ന സജിത്ത് സ്ഥാപനത്തിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദുബായിയിലും കൊച്ചിയിലും പ്രവർത്തിക്കുന്ന എക്സ്ട്രീം ഇന്റർനാഷണൽ കൺസൾട്ടൻസി എംഡി പ്രിൻസ് സുബ്രഹ്മണ്യത്തിന് പവർഓഫ് അറ്റോർണി നൽകിയിരുന്നു. ഇതുപയോഗിച്ച്‌ സ്ഥാപനത്തിന്റെ നിക്ഷേപവിവരങ്ങളടക്കം ചോർത്തി വിശ്വാസവഞ്ചന നടത്തുന്നതായി ബോധ്യപ്പെട്ടപ്പോൾ പവർഓഫ്‌ അറ്റോർണി പിൻവലിച്ചു. കുടുംബസുഹൃത്തായ മഹാലക്ഷ്‌മി സുവേന്ദ്രന്‌ നടത്തിപ്പുചുമതല നൽകി. 
    കമ്പനിയുടെ സാമ്പത്തികബാധ്യത പരിഹരിക്കാൻ നാട്ടിൽവന്ന പരാതിക്കാരന് ബാധ്യത കാരണം യാത്രാവിലക്കുണ്ടായി. ഗഡുക്കളായി പണം നൽകി  പ്രശ്നം പരിഹരിക്കാൻ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ലെറ്റർഹെഡുകൾ, സീൽ എന്നിവയും മഹാലക്ഷ്മി സുവേന്ദ്രന്‌ നൽകിയിരുന്നു. സുവേന്ദ്രനും പ്രിൻസും ചേർന്ന്‌ വിശ്വാസവഞ്ചന കാട്ടുകയാണെന്ന് ബോധ്യമായതോടെ ദുബായിയിലും മറ്റ് എമിറേറ്റ്സുകളിലും കേസ് കൊടുക്കുകയും അവർക്ക് നൽകിയ അധികാരപത്രം യുഎഇയിലെ കോടതി മുഖേന റദ്ദാക്കുകയും ചെയ്തു. 
ഇതിന്റെ വിരോധത്തിൽ നേരത്തെ വാങ്ങിവച്ച വിവിധ ബാങ്കുകളുടെ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച്‌ തന്നെ കേസിൽ കുടുക്കുകയാണെന്ന്‌ സജിത്ത് പരാതിയിൽ പറയുന്നു.  
   വിശ്വാസവഞ്ചനയും വ്യാജരേഖ ചമച്ചുള്ള തട്ടിപ്പും പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂട്ടർ കെ അജിത്‌കുമാറിന്റെ വാദം ശരിവച്ചാണ് മുൻകൂർജാമ്യാപേക്ഷ സെഷൻസ് കോടതി നിരാകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top