കണ്ണൂർ
കണ്ണൂർ വാരിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കണ്ണൂർ മുനിസിപ്പൽ ജവഹർ സ്‌റ്റേഡിയം തെരഞ്ഞെടുക്കാതിരുന്നത് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം. പരിശീലനത്തിനുപോലും നഗര ഹൃദയത്തിലുള്ള സ്‌റ്റേഡിയം പരിഗണിക്കപ്പെട്ടില്ല. കണ്ണൂർ ആസ്ഥാനമായി പുതിയ സോക്കർ ക്ലബ് രൂപംകൊണ്ടപ്പോൾ ഹോം ഗ്രൗണ്ട് ജവഹർ സ്‌റ്റേഡിയമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
ടീം മാനേജ്‌മെന്റിന്റെ പരിശോധനയിൽ ജവഹർ സ്‌റ്റേഡിയത്തിലെ മൈതാനം അന്താരാഷ്‌ട്ര നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ശുചിമുറികളും പവലിയനും വസ്‌ത്രം മാറുന്ന മുറികളും ശോച്യാവസ്ഥയിലാണെന്നും തെളിഞ്ഞു. കണ്ണൂർ ഹോംഗ്രൗണ്ടാക്കണമെന്ന താൽപര്യത്തിലായിരുന്നു കണ്ണൂർ വാരിയേഴ്‌സ് ഉടമകൾ. എന്നാൽ, വിദഗ്‌ധസംഘം നടത്തിയ പരിശോധനയിൽ പരിശീലനത്തിനുപോലും പറ്റില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ട് തെരഞ്ഞെടുത്തത്. കോഴിക്കോടാണ് ടീമിന്റെ ഹോംഗ്രൗണ്ട്.
അന്താരാഷ്‌ട്ര മത്സരത്തിനടക്കം സജ്ജമെന്ന് കണ്ണൂർ കോർപ്പറേഷൻ അവകാശപ്പെട്ട ഗ്രൗണ്ട് പരിശീലനത്തിനുപോലും തെരഞ്ഞെടുക്കപ്പെട്ടില്ല. ചോർന്നൊലിക്കുന്ന പവലിയനും ശുചീകരിക്കാത്ത ശുചിമുറിയുമാണ് ഇവിടെയുള്ളത്. കോർപ്പറേഷൻ കണ്ണിൽപ്പൊടിയിടാൻ പുൽത്തകിടി ഒരുക്കിയത് അന്താരാഷ്‌ട്ര മത്സരങ്ങൾ ലക്ഷ്യംവച്ചായിരുന്നു. ഡിസംബർ–- ജനുവരി മാസങ്ങളിലായി കേരള പ്രീമിയർ ലീഗ് സംഘടിപ്പിച്ചിരുന്നെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അന്താരാഷ്‌ട്ര മത്സരങ്ങളടക്കം കണ്ണൂരിലെത്തിക്കുമെന്നായിരുന്നു കോർപ്പറേഷന്റെ അവകാശവാദം. മൈതാനത്തിന്റെ നിലവാരത്തകർച്ച പരിഹരിക്കാനും അടിസ്ഥാനസൗകര്യമൊരുക്കാനും ശ്രമിക്കാതെയാണ് ഇത്തരം വാദം ഉയർത്തിയതെന്ന് ഇപ്പോൾ വ്യക്തമായി. കോർപ്പറേഷന്റെ കെടുകാര്യസ്ഥതയാണ് കണ്ണൂർ വാരിയേഴ്‌സ് ഉൾപ്പെടെ ആറ് ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ ലീഗ് മത്സരത്തിന് കണ്ണൂർ വേദിയാവാതിരിക്കാനും കാരണം. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ സൂപ്പർ ലീഗ് മത്സരം നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..