23 December Monday
സത്യൻ നരവൂരിനെതിരെ നടപടി

കോൺഗ്രസ്സിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
കൂത്തുപറമ്പ് 
അഴിമതി തുറന്നുകാണിച്ച ഡിസിസി ജനറൽ സെക്രട്ടറി സത്യൻ നരവൂരിനെതിരെയുള്ള നടപടിയിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി.  സത്യൻ നരവൂരിനൊപ്പമുള്ള ഒരു സംഘം   നേതൃത്വത്തിനെതിരെ തിരിഞ്ഞു. നേതൃത്വം  അറിഞ്ഞുകൊണ്ടുള്ള അഴിമതിയായതിനാലാണ്‌ സത്യൻ നരവൂരിനെ സസ്‌പെൻഡുചെയ്‌തതെന്നാണ്‌ ഇവരുടെ വാദം.  
 കൂത്തുപറമ്പ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള കൂത്തുപറമ്പ് ഹൈസ്കൂളിലെ അധ്യാപക നിയമന അഴിമതി തുറന്നുകാണിച്ചതിനാണ്   സത്യൻ നരവൂരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സസ്‌പെൻഡുചെയ്തത്. 
2000–-2018 കാലയളവിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 12 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് സത്യൻ നരവൂരിന്റെ പരാതി. പുതിയ  ഭരണസമിതി നിലവിൽ വന്നശേഷം എട്ടുകോടിയോളം രൂപയുടെ അഴിമതി നടന്നതായി പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ  സ്കൂൾ മാനേജരെ ഡിവിഷൻവെഞ്ച് അയോഗ്യനാക്കി.  അഴിമതി ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി  നടപടി സ്വീകരിച്ചതോടെയാണ് സത്യൻ നരവൂർ ഡിസിസിയുടെയും കെപിസിസിയുടെയും കണ്ണിലെ കരടായത്.  
 2018 സെപ്‌തംബറിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഡിസിസി തയ്യാറാക്കിയ പാനലിലെ മൂന്ന് സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. ഒരുവിഭാഗം നേതാക്കൾ നടത്തിയ അവിശുദ്ധ സഖ്യത്തെ തുടർന്ന് ബിജെപിക്കാരായ മൂന്നുപേരാണ് ജയിച്ചത്.  ഡിസിസി പാനലിലെ സ്ഥാനാർഥികൾ  പരാജയപ്പെട്ടിട്ടും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാൻ  ഡിസിസിയോ, കെപിസിസിയോ  തയ്യാറായിട്ടില്ല.  
മാനേജ്മെന്റിന്റെ അഴിമതിയിൽ നിരവധി അധ്യാപകർ ബലിയാടായി. ചട്ടപ്രകാരമല്ലാത്ത നിയമനം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് 10 വർഷത്തോളമായി ശമ്പളമില്ലാതെ ജോലിചെയ്യുകയാണ്  പന്ത്രണ്ടോളംപേർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top