18 October Friday

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

കെ പ്രിയേഷ്‌Updated: Wednesday Oct 9, 2024

തൃക്കൈകുടകളുമായി മാധവി

മയ്യിൽ 

സ്വയം നെയ്‌തെടുത്ത ‘ഓലക്കുട’ ചൂടി, കാലംതെറ്റാതെ പെയ്യുന്ന ഓർമമഴ നനയുകയാണ്‌ കയരളം ഒറപ്പടിയിലെ കെ കെ മാധവി. കാലമൊരുപാട്‌ മാറിയെങ്കിലും മാധവിക്ക്‌ ഈ ഓലക്കുടയെ പിരിഞ്ഞൊരു ജീവിതമില്ല. പലരും ഗൃഹാതുരതയിലേക്ക്‌ മാറ്റിനിർത്തിയെങ്കിലും ഈ അറുപത്തിയെട്ടുകാരിക്ക്‌ ഓലക്കുട പഴയകാലത്തിന്റെ ഓർമമാത്രമല്ല, പാരമ്പര്യ വാസനയിൽ അലിഞ്ഞുചേർന്ന ജീവിതചിത്രംകൂടിയാണത്‌. 
അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുട നിർമിക്കുന്നത് കണ്ടാണ്  മാധവിയും അതിന്റെ രീതികൾ പഠിച്ചു തുടങ്ങിയത്. ആ നിർമാണരീതി അണുകിട മാറാതെ ഇപ്പോഴും തുടരുന്നു. തൊഴിലുറപ്പ് ജോലിക്കുപോകുന്നുണ്ടെങ്കിലും ഓലക്കുട നിർമാണത്തിനും  അവർ സമയം കണ്ടെത്തുന്നു. തൃക്കൈകുടയെന്നുകൂടി വിളിക്കുന്ന ഓലക്കുട നിർമാണ രംഗത്ത് അമ്പത്തിയേഴ് വർഷം മാധവി പിന്നിട്ടു. 
പണ്ട്‌ ആചാരക്കുട മാത്രമായല്ല, സമ്പന്ന തറവാട്ടുകാർക്കുള്ള ഓലക്കുടയും കന്നുകാലി പൂട്ടുകാരുടെ  തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും  തയ്യാറാക്കിയിരുന്നു.  ഇന്നിപ്പോൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലിവേഷം കെട്ടുന്നവർക്കുമാണ് ഓലക്കുട വേണ്ടിവരുന്നത്.  ആവശ്യക്കാർ  കുറഞ്ഞെങ്കിലും ഓരോ കുടയും ആസ്വദിച്ച് നിർമിക്കുകയാണ്  ഈ നാട്ടുകലാകാരി. ഓട, മുള, പനയോല തുടങ്ങിയവയുടെ  ലഭ്യതക്കുറവ് ബാധിക്കുന്നുണ്ടെന്ന് മാധവി പരിഭവിക്കുന്നു. 
പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരാനായി, കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമാണ പരിശീലനക്കളരിയിൽ ‘പരിശീലക’യായി ഇവർ  തിളങ്ങിയിരുന്നു. 2019 ൽ തൃശൂരിൽ നാട്ടുകലാകാരക്കൂട്ടം "നാട്ടുപച്ച" അവാർഡു നൽകി.  ഉത്തരമലബാറിലെ കനലാട്ട കാവുകളുണരുന്നതോടെ  തൃക്കൈക്കുടകൾക്ക് ആവശ്യക്കാരേറും. ഒട്ടുമിക്ക കാവുകളിലും മാധവിയുടെ കൈയൊപ്പ്‌ പതിഞ്ഞ ഓലക്കുടകളുണ്ട്‌. പരേതനായ സി രാഘവനാണ് ഭർത്താവ്. കെ കെ സജേഷ്, കെ കെ നിമിഷ എന്നിവരാണ് മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top