22 November Friday
കുട്ടിപ്പുല്ല് വിനോദസഞ്ചാരകേന്ദ്രം

പരാതിക്കാരനിൽനിന്ന്‌ വിജിലൻസ്‌ 
മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കുട്ടിപ്പുല്ല് ടൂറിസം പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് പരിശോധനയാരംഭിച്ചതുസംബന്ധിച്ച് ഒക്ടോബർ 10ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

ആലക്കോട്
നിയമംലംഘിച്ച്‌ നടുവിൽ പഞ്ചായത്ത് പാത്തൻപാറ കുട്ടിപ്പുല്ലിൽ ആരംഭിക്കുന്ന ടൂറിസം പദ്ധതിയെക്കുറിച്ച്‌ വിജിലൻസ്‌ അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരനായ പുലിക്കുരുമ്പ സ്വദേശി മുട്ടത്തിൽ ബെന്നിയെ വിജിലൻസ് ഓഫീസർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള  സംഘം കണ്ണൂർ ഓഫീസിൽ വിളിച്ചുവരുത്തി വിശദ മൊഴി രേഖപ്പെടുത്തി. വിവരാവകാശ നിയമപ്രകാരവും മറ്റും ബെന്നി ശേഖരിച്ച  രേഖകളും വിജിലൻസിന് കൈമാറി.  
വനഭൂമി കൈയേറി  45 ഡിഗ്രി  ചരിവുള്ള സ്ഥലത്തെ ചിൽഡ്രൻസ് പാർക്കുൾപ്പടെയുള്ള വിനോദസഞ്ചാരകേന്ദ്രത്തിന്റെ  നിർമാണം അശാസ്ത്രീയമാണെന്നും അടിയന്തരമായി  നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി പരാതി നൽകിയത്‌.  പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രാന്വേഷണത്തിന് സംസ്ഥാന സർക്കാർ വിജിലൻസിനോട്‌ നിർദേശിച്ചിരുന്നു. തുടരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കരാമരംതട്ടിൽനിന്ന്‌ കുട്ടിപ്പുല്ലിലേക്ക്  വനഭൂമിയിലൂടെയുള്ള റോഡ് വകുപ്പിന്റെ അനുമതിയില്ലാതെയാണ്  നിർമിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. റോഡിന്റെ തുടക്കഭാഗത്ത്  നിർമാണ പ്രവൃത്തികളൊന്നും നടത്താതെ കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് 15 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി വഹീദയുടെ അഞ്ച് ലക്ഷം, പഞ്ചായത്തിന്റെ തനത് ഫണ്ട് അഞ്ച് ലക്ഷം എന്നിവ ഉപയോഗിച്ച് ഇടവിട്ട് 335 മീറ്റർ റോഡ്  കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. ഇതും ക്രമവിരുദ്ധമാണ്‌. വനാതിർത്തിയിൽനിന്ന്‌ 100 മീറ്റർ പരിധിയിൽ  നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന്‌ വനം വകുപ്പിന്റെ കർശനനിയമമുണ്ടെങ്കിലും 40 മീറ്റർപോലും ദൂരപരിധി പാലിക്കാതെയാണ്  പ്രവൃത്തി നടക്കുന്നത്. ചെങ്കുത്തായ  ഭൂമിയിൽ കുട്ടികളുടെ പാർക്ക് അപ്രായോഗികമാണെന്നും വിജിലൻസിന്‌  ബോധ്യപ്പെട്ടു. 
വെള്ളാട് വില്ലേജിൽ ഉൾപ്പെടുന്ന ഉരുൾപൊട്ടൽ ഭീഷണിയുള്ള ഈ അതീവ ലോല പ്രദേശത്ത്‌ മഴക്കുഴിപോലും നിർമിക്കരുതെന്ന്‌ 2017ലെ  കലക്ടറുടെ ഉത്തരവ്‌ നിലനിൽക്കെയാണ് നീന്തൽക്കുളം ഉൾപ്പെടെയുള്ള  പദ്ധതി  നടുവിൽ പഞ്ചായത്ത് നടപ്പാക്കുന്നത്.  ഇക്കാര്യങ്ങളൊക്കെ അന്വേഷണ പരിധിയിലുണ്ടെന്നും ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുമെന്നും  പി എ ബിനു മോഹനൻ ദേശാഭിമാനിയോട് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top