കൽപ്പറ്റ
വയനാടിനെയും കണ്ണൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന നെടുംപൊയിൽ –-പേര്യ ചുരം റോഡിലെ വിള്ളൽ വിദഗ്‌ധസംഘം പരിശോധിക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജിയോളജിസ്‌റ്റുകളുമടങ്ങുന്ന സംഘം അടുത്തയാഴ്‌ചയെത്തും. അപകടകരമായ സ്ഥിതിയായതിനാൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.
ചുരത്തിൽ അറുപത് മീറ്ററോളം ദൂരത്തിലാണ് വിള്ളലുള്ളത്. റോഡിലും റോഡരികിലുമാണ് ഭൂമി വിണ്ടുമാറിയത്. സുരക്ഷാഭിത്തിയിലും വിള്ളലുണ്ട്. ആഴത്തിലുള്ള വിള്ളലായതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി റോഡ് ഉപയോഗപ്പെടുത്താനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. കുന്നിന് ബലക്ഷയമുണ്ടാകുമെന്നതിനാൽ കൃത്യമായ പഠനവും മുന്നൊരുക്കവും നടത്തിയശേഷമേ ഇവിടെ നിർമാണപ്രവൃത്തികൾ നടത്താനാവൂ. സോയിൽപൈപ്പിങ് പ്രതിഭാസത്തിലൂടെ മണ്ണ് നീങ്ങിയതാണെന്നാണ് സംശയം. രണ്ടുവർഷം മുമ്പ് ഉരുൾപൊട്ടലിൽ തകർന്ന റോഡിലാണ് കനത്ത മഴയിൽ വിള്ളൽ വീണത്. സംസ്ഥാന ദുരന്തനിവാരണസമിതിയുടെ വിദഗ്‌ധസംഘം ഈ പ്രദേശം സന്ദർശിച്ചിരുന്നു.
കണ്ണൂർ –- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ ചുരത്തിനുതാഴെയുള്ള വീടുകളിലെ കുടുംബങ്ങളും അപകടഭീതിയിലാണ്. ഇവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കൊട്ടിയൂർ –- പാൽചുരം വഴിയാണ് നിലവിൽ കണ്ണൂരിൽനിന്ന് മാനന്തവാടിയിലേക്ക് ഗതാഗതം അനുവദിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..