05 November Tuesday

ഒരുങ്ങാം ‘ഓണശ്രീ’യിലൂടെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കുടുംബശ്രീയും ആന്തൂർ നഗരസഭയും ധർമശാലയിൽ സംഘടിപ്പിച്ച ഓണശ്രീ കാർഷിക വ്യവസായ പ്രദർശന വിപണനമേളയിലെത്തിയവർ

ധർമശാല
രുചി വൈവിധ്യങ്ങളും അലങ്കാരവസ്‌തുക്കളും വസ്‌ത്രങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കി കുടുംബശ്രീയുടെ ‘ഓണശ്രീ’ വിപണനമേള. ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ ഗ്രൗണ്ടിലാണ്‌ മേള നടക്കുന്നത്‌. 
കൈത്തറിയിൽ നെയ്‌തെടുത്ത വസ്‌ത്രങ്ങളും  ഭക്ഷ്യഉൽപ്പന്നങ്ങളും,  ജൈവ പച്ചക്കറികളും കാർഷിക ഉപകരണങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയ്‌ക്ക്‌ ലഭിക്കുന്നതിനാൽ മേളയിലെത്തുന്നവരുടെ എണ്ണവും ഏറെയാണ്‌. 
  മോറാഴ വീവേഴ്‌സ്‌, അടുത്തില വീവേഴ്‌സ്‌, കടമ്പേരി ഇൻഡസ്‌ട്രീസ്‌ കോ ഓപ്പ്‌. സൊസൈറ്റി എന്നിവരുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കും. എം വി ആർ ആയുർവേദ കോളേജിന്റെ ഉൽപ്പന്നങ്ങൾ, ദിനേശ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മിൽമ ഡെയ്‌റി ഉൽപ്പന്നങ്ങൾ,  പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, കാർഷിക ഉപകരണങ്ങൾ, പാലക്കാട്‌ കുത്താമ്പള്ളി സെറ്റ്‌ സാരികൾ തുടങ്ങി വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ്‌ 40 സ്‌റ്റാളുകളിലൂടെ വിൽപ്പന നടത്തുന്നത്‌. 
കുടുംബശ്രീ ജില്ലാ മിഷന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ഇൻസ്റ്റന്റ്‌ ധാന്യ പൊടികൾ,  അച്ചാറുകൾ എന്നിവയുമുണ്ട്‌.  കുടുംബശ്രീ ഫുഡ്‌കോർട്ടും ഒരുക്കിയ--ിട്ടുണ്ട്‌.  എല്ലാ സംരംഭകർക്കും മിനിമം കച്ചവടം ഉറപ്പുവരുത്താൻ കുടുംബശ്രീ അയൽക്കൂട്ടംവഴി അഞ്ച്‌ ലക്ഷം രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌. സമ്മാന കൂപ്പണുകൾ ദിവസേന നറുക്കെടുത്ത്‌ സമ്മാനങ്ങളും നൽകും. ദിവസവും വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്‌. മേള  14ന്‌ സമാപിക്കും. 
 കുടുംബശ്രീ സിഡിഎസുകളിലായി 180 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന്‌  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. ഗ്രാമ സിഡിഎസുകളിൽ രണ്ടുവീതവും നഗര സിഡിഎസുകളിൽ  നാലിലധികവും മേളകളാണ് സംഘടിപ്പിക്കുക.  
അയ്യായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന  എണ്ണൂറിലധികം ഉൽപ്പന്നങ്ങൾ വിപണനമേളയിൽ ലഭിക്കും.  കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ഗുണഭോക്താക്കൾക്ക് വാങ്ങാം.--

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top