ആലക്കോട്
പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് ടൂറിസം പദ്ധതിയിൽ വിജിലൻസ് സമഗ്രാന്വേഷണം ആരംഭിച്ചു. "ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം’ പദ്ധതിയിലുൾപ്പെടുത്തി പാത്തൻപാറ വാർഡിൽ കരാമരംതട്ട്- കുട്ടിപ്പുല്ലിൽ സ്വകാര്യവ്യക്തികൾ കൈമാറിയ സ്ഥലത്ത് സർക്കാർ ഫണ്ടുപയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് പരാതിക്കിടയാക്കിയത്. വനാതിർത്തിയിൽനിന്ന് 100 മീറ്റർ പരിധിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളപ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അനധികൃത നിർമാണം നടത്തിയത്. 83 ലക്ഷംരൂപ ചെലവിട്ട് കുട്ടികളുടെ പാർക്കുൾപ്പെടെ കുട്ടിപ്പുല്ലിൽ നിർമിക്കാനായിരുന്നു പദ്ധതി. പരിസ്ഥിതി പ്രവർത്തകനായ പുലിക്കുരുമ്പ മുട്ടത്തിൽ ബെന്നിയാണ് ഇതിനെതിരെ പരാതി നൽകിയത്. ജനുവരിയിൽ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വർഷങ്ങൾക്കുമുമ്പ് പാവപ്പെട്ടവർക്ക് സർക്കാർ പതിച്ചുനൽകിയ ഏക്കറുകണക്കിന് ഭൂമി ചുളുവിലയിൽ കൈവശപ്പെടുത്തിയ ചിലരാണ് പഞ്ചായത്തിനെ സ്വാധീനിച്ച് 45 ഡിഗ്രി ചരിവുള്ള ചെങ്കുത്തായ സ്ഥലത്ത് നീന്തൽക്കുളമുൾപ്പെടെ നിർമിച്ച് അശാസ്‌ത്രീയമായി ടൂറിസം പദ്ധതി പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. റോഡ് സൗകര്യംപോലുമില്ലാത്ത 70 സെന്റ് സ്ഥലമാണ് ഭൂമാഫിയ പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയത്. പഞ്ചായത്ത് പദ്ധതി നടപ്പാക്കിയാൽ സമീപസ്ഥലങ്ങളിൽ വില കൂടുന്നത് കണക്കിലെടുത്ത് റിസോർട്ട് മാഫിയകളെ സഹായിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിയുൾപ്പെടെ യുഡിഎഫ് ഭരണസമിതി ശ്രമിച്ചത്.
നാട്ടുകാരുടെ പരാതി അവഗണിച്ച് പഞ്ചായത്ത് ടെൻഡർ നടപടിയുമായി മുന്നോട്ടുപോയി. പിന്നാലെ മാർച്ച് ആദ്യം നിർമാണ പ്രവൃത്തിയും തുടങ്ങി. പ്രദേശത്തിന് 50 മീറ്ററടുത്ത് വനം വകുപ്പ് ഓഫീസാണ്. വനാതിർത്തിയിൽ സ്ഥാപിച്ച ഇരുമ്പ് കവാടം വിജിലൻസ് ആദ്യഘട്ടത്തിൽ പരിശോധിച്ച് അടയാളപ്പെടുത്തിയെങ്കിലും പിന്നീട് ഭൂമാഫിയ നീക്കംചെയ്തു. ഇവിടെനിന്ന് 60 മീറ്റർ വനഭൂമിയിലൂടെ സഞ്ചരിച്ചാലേ കുട്ടിപ്പുല്ലിൽ എത്താനാകൂ. വനം ഭൂമിയിൽ റോഡ് നിർമിക്കാൻ പഞ്ചായത്തിന് അനുവാദമില്ലാഞ്ഞിട്ടും പദ്ധതിയുമായി മുന്നോട്ടുപോയ കാര്യവും വിജിലൻസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വിജിലൻസ് ഓഫീസർ പി എ ബിനു മോഹനനാണ് അന്വേഷണച്ചുമതല. അന്വേഷകസംഘം കഴിഞ്ഞ ദിവസം പഞ്ചായത്തിലും കുട്ടിപ്പുല്ലിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരനോടും സംസാരിച്ചു. പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയറെ വിളിച്ചുവരുത്തി വിജിലൻസ് സംഘം രേഖ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..