18 October Friday
ഇന്ന്‌ ദേശീയ 
തപാൽ ദിനം

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

പ്രകാശൻ പയ്യന്നൂർUpdated: Thursday Oct 10, 2024

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ റോഡിന് സമീപം പയ്യന്നൂർ പോസ്‌റ്റ് ഓഫീസിന് 
കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത ഭൂമി കാടുകയറിയ നിലയിൽ

പയ്യന്നൂർ
കത്തിനായി കാത്തിരുന്ന കാലം  ഓർമയായെങ്കിലും തപാൽ ഓഫീസുകൾ ഇന്നും ജനത്തിന്‌  ഉപകാരമാണ്‌. കത്തുകളുടെ കൈമാറ്റത്തിനപ്പുറം പാർസലും ഇ –- സേവനങ്ങളും കുറഞ്ഞ ചെലവിൽ നടക്കുന്ന  സേവന കേന്ദ്രം.  എന്നാൽ ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രധാന തപാൽ കേന്ദ്രമായ പയ്യന്നൂർ ഓഫീസ്  അസൗകര്യങ്ങളിൽ  വീർപ്പുമുട്ടുകയാണ്. നഗരത്തിലെ പ്രധാന റോഡരികിൽ സ്വന്തമായി  20 സെന്റ് സ്ഥലമുള്ള തപാൽ ഓഫീസ്  വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരികയാണ്.  1991ൽ പൊന്നും വില കൊടുത്ത്‌ റെയിൽവെ സ്‌റ്റേഷൻ റോഡരികിൽ സ്വന്തമായി കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയിരുന്നു. കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതികളും തുടങ്ങി.  മൊബൈൽ ഫോണുകളുടെയും മറ്റും വരവോടെ ജനങ്ങൾ തപാൽ വകുപ്പിന്റെ സേവനം പതിയെ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കെട്ടിടം നിർമിക്കാനുള്ള ശ്രമവും നിർത്തി. 
ഇപ്പോൾ സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് ഓഫീസ്‌ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിനുള്ള കരാർ ഈ മാസം അവസാനിക്കും. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇവിടുത്തെ ഓഫീസ് മാറ്റണമെന്നാണ്‌  ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം. ഇത് ഇവിടെത്തന്നെ നിലനിർത്താനും ശ്രമം നടക്കുന്നുണ്ട്. ഇവിടെ വാഹനം പാർക്കു ചെയ്യാൻ സൗകര്യമില്ല. പണിപ്പെട്ടാണ് ജീവനക്കാർ ഒന്നാംനിലയിലേക്ക് തപാൽ ഉരുപ്പടി എത്തിക്കുന്നത്. പ്രായമായവർക്കും അംഗപരിമിതർക്കും ഇവിടെയെത്താനും ബുദ്ധിമുട്ടുന്നു.
പയ്യന്നൂർ പോസ്‌റ്റ് ഓഫീസിനു കീഴിൽ 12 ബ്രാഞ്ചാണുള്ളത്. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെ ഉരുപ്പടികളും എത്തിക്കുന്നത് ഇവിടെയാണ്. ഒരു പോസ്‌റ്റ് മാസ്‌റ്ററും എട്ട് പോസ്‌റ്റൽ അസിസ്‌റ്റന്റുമാരും എട്ട് പോസ്‌റ്റ്മാന്മാരും മൂന്ന് മൾട്ടി ടാസ്‌ക് അംഗങ്ങളുമടക്കം 20 ജീവനക്കാർ ശ്വസംമുട്ടിയാണ് ഇവിടെ സേവനം നടത്തുന്നത്. എസ്ബി, ആർഡി, എംഐഎസ്, സീനിയർ സിറ്റിസൺ തുടങ്ങി അമ്പതിനായിരത്തിലധികം അക്കൗണ്ടുകളും ഇവിടെ കൈകാര്യം ചെയ്യുന്നു. 
  തപാൽ വകുപ്പ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. ഈ ഘട്ടത്തിൽ പയ്യന്നൂരിലെ മുഖ്യ തപാൽ ഓഫീസിനായി സ്വന്തം ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കണമെന്നും അതുവരെ  കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കെട്ടിടങ്ങളിലേക്ക് പോസ്‌റ്റ് ഓഫീസിന്റെ പ്രവർത്തനം മാറ്റണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top