19 December Thursday

നാടൻപാട്ടിന്റെ മടിശ്ശീല തുറന്നു

ബബിഷ ബാബുUpdated: Thursday Oct 10, 2024

കതിരൂരിലെ നാട്ടിപ്പാട്ട് സംഘം

തലശേരി
ഞാറുനടലും ഞാറ്റുപാട്ടും സജീവമായിരുന്ന വയലുകൾ ഇന്നില്ല. നാട്ടിപ്പാട്ടുപാടി ഞാറുനടുന്ന ഗൃഹാതുര കാഴ്‌ചയും എങ്ങും കാണാനില്ല. പഴമയുടെ പൈതൃകം പേറുന്ന ശീലുകൾ കാലത്തിനൊപ്പം വിസ്‌മൃതിയിലാണ്ടുപോവാതിരിക്കാൻ ഒരുകൂട്ടം അമ്മമാർ ഇവിടെ ഉറക്കെപ്പാടുകയാണ്‌. "തച്ചോളി നല്ലോമന കുഞ്ഞോതേനൻ, അടക്കത്തോടെ, ചിത്തിരത്തൂണുമൊളി മറഞ്ഞ്‌, മോതിരക്കയ്യാലേ വായും പൊത്തീ'–- വടക്കൻപാട്ടിലെ വീരചരിതത്തിന്റെ നാടൻ ശീലുകളാണിവ. തലമുറകളായി കൈമാറി കിട്ടിയ വാമൊഴി പാട്ടുകൾ. വേദികളിൽ അവതരിപ്പിച്ചും പുതുതലമുറയ്‌ക്ക്‌ പകർന്നുനൽകിയും കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ കതിരൂരിലെ പുളുക്കൂൽ ലക്ഷ്‌മിയും സംഘവും. പണ്ടുകാലത്ത്‌ നെൽവയലിൽ പണിയെടുക്കുമ്പോൾ പണിയിലെ ബുദ്ധിമുട്ടുകളറിയാതിരിക്കാൻ ഉത്സാഹത്തിനും മാനസികോല്ലാസത്തിനും പാടിയിരുന്ന നാട്ടിപ്പാട്ടുകൾ 13ാം വയസ്സിലാണ്‌ ലക്ഷ്‌മി കേട്ടുപഠിക്കുന്നത്‌. 76-ാം വയസിലും ഈണം ചോരാതെ പാടുകയാണിവർ. പണിയിടങ്ങളിലും ഒത്തുകൂടുന്ന ഇടങ്ങളിലുമൊക്കെ നാട്ടിപ്പാട്ടുകൾ പാടുമായിരുന്നു. വേദികളിൽ പാടാൻ തുടങ്ങിയതോടെ കൂടുതൽ സജീവമായി. പഴയകാലത്തെ വിവാഹവീടുകളിൽ സഹായത്തിനായി എത്തുന്ന സ്‌ത്രീകൾ തേങ്ങ അരക്കുന്നതിനിടെ കൂട്ടംചേർന്നുപാടുന്ന അരവ്‌ പാട്ടുകളും ഇതോടൊപ്പം പാടുന്നുണ്ട്‌. ഇന്നത്തെ തലമുറ കേൾക്കാനിടയില്ലാത്ത ഇത്തരം പാട്ടുകൾ പരസ്‌പര സഹകരണത്തിന്റെ പ്രതീകംകൂടിയായിരുന്നുവെന്ന്‌ ഇവർ പറയുന്നു.  പനോളി ശാന്ത, പി ലക്ഷ്‌മി, പി ചന്ദ്രി, ടി വസന്ത എന്നിവരടങ്ങിയ സംഘം  പ്രദേശത്തെ കുട്ടികൾക്ക്‌ പഴയകാല പാട്ടുകൾ പരിശീലിപ്പിക്കാനും തുടക്കംകുറിച്ചിട്ടുണ്ട്‌. പുല്യോട്‌ വലിയപുരയിൽ പോർക്കലി ക്ഷേത്രത്തിൽനടന്ന ചടങ്ങിന് ഫോക്‌ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ കുട്ടാപ്പു കതിരൂർ  നേതൃത്വംനൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top