21 November Thursday

നിറഞ്ഞൊഴുകും കുടിവെള്ളം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

എടക്കാനം പഴശ്ശി പദ്ധതി പ്രദേശത്ത് നിർമാണം പൂർത്തിയാകുന്ന കിണറും പമ്പിങ് സ്‌റ്റേഷനും

 ഇരിട്ടി

ജില്ലയിൽ 12 പഞ്ചായത്തുകളിൽ 70,000 കുടുംബങ്ങൾക്കുകൂടി പഴശ്ശി പദ്ധതിയിൽനിന്ന് കുടിവെള്ളം നൽകും. പടിയൂരിലെ  പൂവം, ഇരിട്ടി നഗരസഭയിലെ എടക്കാനം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണത്തിന്‌ പുതിയ രണ്ട്‌ കൂറ്റൻ കിണറുകളും പമ്പിങ് സ്‌റ്റേഷനുകളും പൂർത്തിയാകുന്നു.  ജില്ലയിൽ തൊണ്ണൂറ്‌ ശതമാനം പ്രദേശത്തും കുടിവെള്ളം നൽകുന്ന പദ്ധതിയായി പഴശ്ശി ഡാം മാറുകയാണ്‌. നിലവിൽ പഴശ്ശിഡാമിൽ ഏഴ് കുടിവെള്ള പദ്ധതികളുണ്ട്‌. എടക്കാനം, പൂവം കിണറുകളും പമ്പിങ് സ്‌റ്റേഷനുകളും രണ്ട്‌ മാസത്തിനകം നിർമാണം പൂർത്തീകരിച്ചാൽ പ്രതിദിനം പഴശ്ശിഡാമിൽ നിന്ന്‌ 200 ദശലക്ഷം ലിറ്ററിലധികം വെള്ളം പമ്പ് ചെയ്യാനാകും. എടക്കാനം കേന്ദ്രത്തിൽനിന്ന്‌ തൃപ്പങ്ങോട്ടൂർ, കുന്നോത്ത് പറമ്പ്, ന്യൂമാഹി, ചൊക്ലി, മാങ്ങാട്ടിടം പഞ്ചായത്തുകളിലെ 30,000 ത്തോളം കുടുംബങ്ങൾക്ക്‌ പഴശ്ശി വെളളം എത്തിക്കാനാകും. എടക്കാനം ട്രീറ്റ്‌മെന്റ് പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ചാണ്‌ വിതരണം. പൈപ്പ് ലൈൻ, ടാങ്കുകളുടെ നിർമാണം തുടങ്ങി.  
പൂവത്തുനിന്ന്‌ ആലക്കോട്, പയ്യാവൂർ, നടുവിൽ, ഉയഗിരി, ചെറുപുഴ, പെരിങ്ങോം വയക്കര, ഏരുവേശി പഞ്ചായത്തുകളിലെ 40,000-ൽ അധികം കുടുംബങ്ങൾക്കും പഴശ്ശിവഴി കുടിവെള്ളമെത്തും. 35 ദശലക്ഷം ലിറ്റർ വെള്ളം ഈ പദ്ധതി വഴി ദിവസവും പഴശ്ശിയിൽനിന്ന്‌ പമ്പ് ചെയ്യും. 
1960 കിലോമീറ്ററിൽ വിതരണ ശൃംഖലയുടെ നിർമാണവും തുടങ്ങി. കണ്ണൂർ കോർപ്പറേഷൻ, ഏഴ് നഗരസഭകൾ, 48 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിലവിൽ വേനലിലും മഴക്കാലത്തും കുടിവെള്ളമെത്തിക്കുന്നത് പഴശ്ശിയിൽനിന്നാണ്. ഏഴ് വലിയ കുടിവെള്ള പദ്ധതികൾ വഴിയാണിത്‌. അഞ്ച്‌ ചെറുകിട കുടിവെള്ള പദ്ധതികളും പഴശ്ശി പദ്ധതി ഭാഗമായുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top