കണ്ണൂർ
പരിയാരം ഏമ്പേറ്റിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച ദേശീയപാത അതോറിറ്റിയുടെ കണ്ണൂർ ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ധർണ ഉദ്ഘാടനം ചെയ്യും. കാൾടെക്സ് കേന്ദ്രീകരിച്ച് പ്രകടനമുണ്ടാകും. രണ്ട് വർഷത്തോളമായി ഏമ്പേറ്റിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾ യാത്രാക്ലേശമനുഭവിക്കുകയാണ്. റോഡിന്റെ ഒരുവശത്ത് സി എച്ച് ഡയാലിസിസ് സെന്റർ, അങ്കണവാടികൾ, സ്‌കൂളുകൾ, പരിയാരം സർവീസ് സഹകരണ ബാങ്ക്, റേഷൻകട, ലക്ഷംവീട് നഗർ, ബധിര മൂക വിദ്യാലയം, മൃഗാശുപത്രി, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്. രണ്ട് കിലോമീറ്ററിലധികം പടിഞ്ഞാറോട്ടും മൂന്ന് കിലോമീറ്ററിലധികം കിഴക്കോട്ടും ചുറ്റി തിരിഞ്ഞാലേ ഏമ്പേറ്റ് ജങ്‌ഷനിലെത്താനാകു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ മൂന്നുകിലോമീറ്ററിലേറെ ചുറ്റണം. ജനപ്രതിനിധികളോടും സംസ്ഥാന-, കേന്ദ്രമന്ത്രിമാരോടും നാഷണൽ ഹൈവേ അതോറിറ്റിയോടും പരാതിപ്പെട്ടെങ്കിലും തീരുമാനമായില്ല. വി ശിവദാസൻ എംപി കഴിഞ്ഞ ദിവസം പാർലമെന്റിൽ വിഷയം ഉന്നയിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇ തമ്പാൻ, പി വി ഗോപാലൻ, കെ സുഗതൻ, കെ സഹജൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..