പിണറായി
ധർമടം വില്ലേജ് ഓഫീസ് തിങ്കളാഴ്ച മുതൽ പാലയാട്ടെ അബു–- ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കും. ധർമ്മടം മീത്തലെ പീടികയിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ചോർച്ചയെതുടർന്ന് 2018 ൽ മേലൂരിലെ ശിശുമന്ദിരത്തിലേക്ക് മാറ്റിയിരുന്നത്. ഇവിടെയും അസൗകര്യമായതിനാൽ ദിവസങ്ങൾക്ക് മുമ്പ് തലശേരിയിലേക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജനപ്രതിനിധികളെ പോലും അറിയിക്കാതെ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഇടപെട്ടാണ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഓഫീസിന് സ്ഥലസൗകര്യം നൽകിയത്. ഓഫീസിന് പുതിയ കെട്ടിടം പണിയാൻ സർക്കാർ രണ്ടു വർഷം മുമ്പ് തന്നെ അനുമതി നൽകിയിട്ടുണ്ട്.
സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം കെട്ടിടം പണിയുന്നതിനായി 44 ലക്ഷം രൂപയും അനുവദിച്ചിരുന്നു.മീത്തലെ പീടികയിൽ പഴയവില്ലേജ് ഓഫീസിൻ്റെ സ്ഥലത്തു തന്നെ ഇരുനില സ്മാർട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് തുടരുകയാണ്.ഇതിനായി ഇ- ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും സമർപ്പിച്ചിരുന്നില്ല. വീണ്ടും ഇ- ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..