23 December Monday
കൊറോണ വൈറസ്

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020
കണ്ണൂർ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നിരീക്ഷണം ശക്തമാക്കി. യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ ഭരണസംവിധാനം, ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം ഒരുക്കിയത്.
വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിൽ രണ്ട് ഹെൽപ്പ് ഡെസ്‌ക്കുകളിലായി യാത്രക്കാരെ 24 മണിക്കൂറും സ്‌ക്രീൻ ചെയ്യും. ഇതിനായി  ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങിയ  രണ്ട് മെഡിക്കൽ സംഘത്തെയാണ്‌ നിയോഗിച്ചത്‌.
   ആദ്യഘട്ടത്തിൽ യാത്രാവിവരം, യാത്ര ചെയ്ത രാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി യാത്രക്കാരിൽനിന്ന് സെൽഫ്  വിവരങ്ങൾ ശേഖരിക്കുകയും ഇക്കാര്യങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കുകയും ചെയ്യും.  രോഗബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തവരെ രണ്ടാംഘട്ട സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും മറ്റുള്ളവർക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള അനുവാദം നൽകുകയും ചെയ്യും.
രണ്ടാംഘട്ടത്തിൽ രോഗബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തവരെ  'തെർമൽ സ്‌കാനിങ്‌’' സംവിധാനം ഉപയോഗിച്ച് പരിശോധിക്കുകയും രോഗ ലക്ഷണമില്ലാത്തവർക്ക് ത്രീ ലെയർ മാസ്‌ക് നൽകുകയും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാനും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം നൽകുകയും ചെയ്യും. രണ്ടാംഘട്ട പരിശോധനയിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കും. ഇവരെ ഡോക്ടർ പരിശോധിക്കുകയും എൻ 95 മാസ്‌ക് നൽകി ആരോഗ്യ വകുപ്പിന്റെ 'കനിവ് 108' ആംബുലൻസിൽ ജില്ലയിൽ തയ്യാറാക്കിയിട്ടുള്ള ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനുമാണ് തീരുമാനം.  
   വിമാനത്താവളത്തിലെ രണ്ടു ഹെൽപ്പ് ഡെസ്‌ക്കുകളിലായി ഇതുവരെ  5200 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സോനു ബി നായരാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ ചുമതല വഹിക്കുന്നത്. യാത്രക്കാരിൽ കൊറോണയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിമാനത്താവളത്തിൽ ഏഴ് പ്രദർശന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  യാത്രക്കാർക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കിയാലിന്റെ നേതൃത്വത്തിൽ  ടെയ്ക്ക് ഓഫ്, ലാന്റിങ്‌ സമയങ്ങളിൽ ഫ്‌ളൈറ്റ് അനൗൺസ്‌മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കലക്ടർ ടി വി സുഭാഷിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിഷ് റഷീദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക്,  ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ് എന്നിവർ വിമാനത്താവളം സന്ദർശിച്ച ശേഷം കിയാൽ എംഡി വി തുളസീദാസ്, കിയാൽ ചീഫ് ഓപ്പറേഷൻ ഓഫീസർ താരിഖ് ഹുസൈൻ ഭട്ട് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗകര്യങ്ങൾ ഒരുക്കിയത്.  വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം   വിലയിരുത്തുന്നതിനായി  മന്ത്രി കെ കെ ശൈലജ വിമാനത്താവളം സന്ദർശിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top