22 December Sunday

മണൽനിറഞ്ഞ്‌ 
ഇരിട്ടി പുഴയും തീരങ്ങളും

മനോഹരൻ കൈതപ്രംUpdated: Sunday Aug 11, 2024

ഇരിട്ടി പുഴയുടെ എടക്കാനം കടവിൽ അടിഞ്ഞ മണൽശേഖരം

ഇരിട്ടി പുഴ
പത്തുകൊല്ലത്തെ നിറഞ്ഞ മണൽനിക്ഷേപവുമായി ഇരിട്ടി പുഴയും തീരങ്ങളും. നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പാസ്‌ വഴി നിയന്ത്രണവിധേയമായി മണൽവാരിയിരുന്നു. മണലൂറ്റലും ഖനനവുമായതോടെ വ്യാപക ക്രമക്കേടിനെ തുടർന്ന്‌ ഇത്‌ നിരോധിച്ചു. രണ്ട്‌ മഹാപ്രളയങ്ങളടക്കം പത്ത്‌ വർഷത്തെ കാലവർഷപ്പെയ്ത്തിൽ വളപട്ടണം പുഴയുടെ മുഖ്യ കൈവഴിയായ ഇരിട്ടി പുഴയും സംഗമിക്കുന്ന ബാവലിപ്പുഴയും  കനത്ത മണൽ നിക്ഷേപത്താൽ ആഴം കുറഞ്ഞും വീതി കൂടിയുമാണ്‌ ഒഴുകുന്നത്‌. കേരള പ്രൊട്ടക്ഷൻ ഓഫ്‌ റിവർ ബാങ്ക്‌സ്‌ ആൻഡ്‌ റെഗുലേഷൻ ഓഫ്‌ റിമൂവൽ ഓഫ്‌ സാൻഡ്‌ ആക്ട്‌ ഭേദഗതി ചെയ്ത്‌ സംസ്ഥാനത്തെ 17 നദികളിൽനിന്ന്‌  നിയന്ത്രണവിധേയമായി മണൽവാരാൻ ജനുവരിയിൽ തീരുമാനിച്ചിരുന്നു. വളപട്ടണം പുഴയും  ഇതിൽ വരുമെങ്കിലും കൈവഴിയായ ഇരിട്ടി പുഴയിലെ മണൽ നീക്കുന്നതിൽ തീരുമാനമായില്ല. 
 ഇരിട്ടിക്കടുത്ത കല്ലുമുട്ടി, പായം ജബ്ബാർക്കടവ്‌, എരുമത്തടം, പടിയൂർ, പൂവം, വള്ള്യാട്‌, എടക്കാനം,  ബാരാപ്പുഴയയിലെ കിളിയന്തറ, കുന്നോത്ത്‌, ആനപ്പന്തി  മേഖലയിൽ രണ്ട്‌ ഡസനിലധികം അംഗീകൃത കടവുകൾ നേരത്തെയുണ്ടായിരുന്നു. ഇവിടങ്ങളിൽനിന്ന്‌  വാരുന്ന മണൽ  കരയ്‌ക്കെത്തിച്ച്‌ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക്‌ അപേക്ഷ വാങ്ങി  വീട്‌ നിർമാണത്തിന്‌ അനുവദിക്കുകയായിരുന്നു. മണൽവാരൽ, കടത്ത്‌ പാസുകൾ ദുരുപയോഗം ചെയ്തതിനെ തുടർന്നാണ്‌ നിയമപരമായ മണലിടപാടും മണൽ നീക്കലും നിലച്ചത്‌. 
 പുഴയാഴം കുറയാനും വീതി കൂടി കനത്ത കരയിടിച്ചിൽ രൂപപ്പെടാനും ഇടയാക്കുന്ന തരത്തിൽ  അട്ടികൾ രൂപപ്പെട്ട ഇരിട്ടി പുഴയിലെ മണൽ നീക്കാൻ സർക്കാർ സംവിധാനം വേണമെന്ന ആവശ്യത്തിലാണ്‌  നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top