കണ്ണൂർ
മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസപദ്ധതിയുടെ അക്കാദമിക് പ്രവർത്തനമികവുയർത്തുന്ന മുദ്രാകിരണത്തിന് തിങ്കളാഴ്‌ച തുടക്കമാവും. സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30ന് മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഴുത്തുകാരൻ എം മുകുന്ദൻ നിർവഹിക്കും. മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ കെ കെ രാഗേഷ് അധ്യക്ഷനാകും.
മുണ്ടേരി ക്ലസ്റ്റർ വിദ്യാലയങ്ങളിലെ 14 വിദ്യാലയങ്ങളും ഒരു ഹയർസെക്കൻഡറി സ്കൂളുമാണ് പദ്ധതിയിൽ. വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്പോർട്സ്, സിനിമ, മാധ്യമം എന്നീ മേഖലയിൽ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകുകയാണ് ലക്ഷ്യം.
മുദ്ര പദ്ധതിയുടെ ഭാഗമായുള്ള എസി ഓഡിറ്റോറിയവും തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും. പൊതുജനങ്ങൾക്കും വിജ്ഞാനമേഖലയിൽ ഇടപെടുന്നവർക്കുമായി ഒരുക്കിയ ഓഡിറ്റോറിയത്തിൽ അത്യന്താധുനിക സൗകര്യങ്ങളാണൊരുക്കിയത്.
മികച്ച ഡോൾബി സൗണ്ട് സിസ്റ്റവും, ഡിജിറ്റൽ മെഗാവാളും, ആയിരത്തിലധികം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തോടൊപ്പം ഡൈനിങ്ങ് ഏരിയയുമുണ്ട്.
ജൈവവൈിധ്യ പാർക്കിന്റെയും ആംഫി തിയറ്ററിന്റെയും നിർമാണം പുരോഗമിക്കുകയാണ്. 5.53 കോടിരൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് മുഖേനെ കണ്ണൂർ നിർമിതികേന്ദ്രം നിർമിച്ചത്. നാഷണൽ തെർമൽപവർ കോർപ്പറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് ഓഡിറ്റോറിയവും ഡൈനിങ് ഹാളും നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..