മമ്പറം
ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകി കൊടുവള്ളി–- -അഞ്ചരക്കണ്ടി–- - കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത അതിവേഗം യാഥാർഥ്യമാക്കണമെന്ന് സിപിഐ എം പിണറായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ധർമടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളെ സിആർസെഡ് 3 വിഭാഗത്തിൽനിന്ന് സിആർസെഡ് 2 വിഭാഗത്തിലേക്ക് മാറ്റുക, ഗ്ലോബൽ ഡയറി വില്ലേജ് പ്രവർത്തനം ത്വരിതപ്പെടുത്തുക. ഹൈടെക് വീവിങ് മിൽ,- ട്രാക്കോ കേബിൾ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുക, അഞ്ചരക്കണ്ടി ടൗൺ വികസനം ത്വരിതപ്പെടുത്തുക, മലനാട് മലബാർ റിവർ ക്രൂസ് പദ്ധതി യാഥാർഥ്യമാക്കുക, ധർമടം റെയിൽവേസ്റ്റേഷന് സമീപം അണ്ടർ പാസ് നിർമിക്കുക, ധർമടം ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പാക്കുക, സായി സിന്തറ്റിക് സ്റ്റേഡിയം രണ്ടാംഘട്ട വികസനം പൂർത്തീകരിച്ച് സ്റ്റേഡിയം ഉപയോഗയോഗ്യമാക്കുക, ധർമടം ബീച്ച് ടൂറിസം കേന്ദ്രത്തിന്റെ വികസനം ത്വരിതപ്പെടുത്തുക, ധർമടം റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മമ്പറം ടൗണിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കുക. നിർദിഷ്ട പാതിരിയാട് ഹോക്കി സ്റ്റേഡിയം യാഥാർഥ്യമാക്കുക, ചരിത്രപ്രസിദ്ധമായ കോട്ടയം കോവിലകവും കോട്ടയം ചിറയും സംരക്ഷിക്കുകയും ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 40 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ ശശിധരൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സി പ്രകാശൻ നന്ദി പറഞ്ഞു.
മൈലുള്ളിമെട്ട കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടന്നു. മമ്പറത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കെ ശശിധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, കെ മനോഹരൻ, ടി ഷബ്‌ന, ടി അനിൽ, വി ലീല, സി കെ സതീശൻ, കെ അനുശ്രീ എന്നിവർ സംസാരിച്ചു. പി പ്രജീവൻ സ്വാഗതം പറഞ്ഞു.
കെ ശശിധരൻ പിണറായി ഏരിയാ സെക്രട്ടറി
സിപിഐ എം പിണറായി ഏരിയാ സെക്രട്ടറിയായി കെ ശശിധരനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 30 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ടി ഷബ്‌ന, ടി അനിൽ, കെ കെ രാജീവൻ, വി ലീല, എം മോഹനൻ, ടി സുധീർ, പി എം അഖിൽ, കോങ്കി രവീന്ദ്രൻ, എം ദാസൻ, സി ചന്ദ്രൻ, കക്കോത്ത് രാജൻ, വി ജയൻ, പി രാഘവൻ, ദിഷ്ണ പ്രസാദ്, സി രവീന്ദ്രൻ, പി എം പ്രഭാകരൻ, കെ കെ പ്രകാശൻ, കെ അനുശ്രീ, വരച്ചൽ സന്തോഷ്, സി ജയകുമാർ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..