കതിരൂർ
സംസ്ഥാന കായകൽപ് പുരസ്കാരം ജില്ലയിൽ ഒന്നാംസ്ഥാനം നേടി കതിരൂർ കുടുംബാരോഗ്യകേന്ദ്രം. ശുചിത്വ പരിപാലന മികവിനാണ് പുരസ്‌കാരം. രണ്ടാംതവണയാണ് നേട്ടം. 2020ലായിരുന്നു ആദ്യത്തേത്. പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിൽ ജില്ലയിൽ 97.5 മാർക്ക് ലഭിച്ചാണ് ഒന്നാമതെത്തിയത്. രണ്ടുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ജില്ലയിൽ മൂന്നു കുടുംബാരോഗ്യകേന്ദ്രങ്ങൾക്കാണ് അവാർഡ്. പറശ്ശിനിക്കടവ്, വളപട്ടണം കുടുംബാരോഗ്യകേന്ദ്രങ്ങൾ അമ്പതിനായിരം രൂപ വീതം അവാർഡ് തുക നേടി.
ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ മുൻനിർത്തിയാണ് വിധി നിർണയം. 1972ലാണ് കതിരൂരിൽ ആരോഗ്യകേന്ദ്രം സ്ഥാപിതമായത്. 2005ൽ അനുബന്ധ കെട്ടിടം വരികയും പിന്നീട് ലബോറട്ടറി, ഫിസിയോതെറാപ്പി യൂണിറ്റ്, ഫാർമസി എന്നിവയടക്കം അത്യാധുനിക സൗകര്യങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറുകയുമായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നും നിരവധി രോഗികൾ ദിവസേന എത്തുന്നുണ്ട്. മെഡിക്കൽ ഓഫീസർ വിനീത ജനാർദനൻ, അസി. സർജൻ രശ്മി രമേശൻ, ഡോ. കരുൺ ജയരാജ് എന്നിവരുടെ സേവനം ലഭ്യമാണ്.
മികച്ച ശുചിത്വ–-മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് പുരസ്കാര നേട്ടത്തിന് വഴിതെളിച്ചതെന്ന് കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ പറഞ്ഞു. ജനകീയാരോഗ്യ കേന്ദ്രം ഉപകേന്ദ്രം വിഭാഗത്തിൽ മുള്ളൂൽ ഒന്നാമതും വേങ്ങാട് രണ്ടാംസ്ഥാനവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..