27 December Friday

മാക്കൂട്ടം ചുരംറോഡിൽ ലോറികൾ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

മാക്കൂട്ടം ചുരം റോഡിൽ അപകടത്തിൽപ്പെട്ട മരം കയറ്റിയെത്തിയ ലോറി

 ഇരിട്ടി

മാക്കൂട്ടം ചുരംറോഡിൽ രണ്ട്‌ ലോറികൾ മറിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്‌ എട്ടുമണിക്കൂർ യാത്രക്കാർ ചുരത്തിൽ കുടുങ്ങി. മെതിയടിപ്പാറ വളവിൽ ബുധൻ പുലർച്ചെ മൂന്നിനാണ്‌ അപകടം. കർണാടകത്തിൽനിന്ന്‌ വളപട്ടണത്തേക്ക് മരംകയറ്റിയെത്തിയ ലോറിയാണ്‌ മറിഞ്ഞത്‌. കൊടുംവളവിലായതിനാൽ ഗതാഗതം സ്തംഭിച്ചു. ബൈക്കുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ കോഴിയുമായി എത്തിയ പിക്കപ്പ് വാൻ കടന്നുപോകാനുള്ള ശ്രമത്തിൽ അപകടത്തിൽപ്പെട്ടു. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിക്കപ്പ് വാൻ നീക്കിയെങ്കിലും ലോറി ഉയർത്താനായില്ല. പകൽ പതിനൊന്നോടെ ക്രെയിനുപയോഗിച്ച്‌ ലോറി നിവർത്തിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. 
ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന്‌ ഓണാവധിക്ക് നാട്ടിലേക്ക്‌ പുറപ്പെട്ട യാത്രക്കാരാണ്‌ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയത്. 40 ടൂറിസ്റ്റ് ബസ്സുകളും കെഎസ്ആർടിസി ബസ്സുകളും സ്വകാര്യവാഹനങ്ങളും അടക്കം പെരുമ്പാടി ചെക്‌പോസ്റ്റ്‌ വരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരിൽ കുറെപേർ നടന്നാണ്‌ കൂട്ടുപുഴയിൽ എത്തിയത്‌. ഫോൺ നെറ്റ്‌വർക്കും കുടിവെള്ളവും വെളിച്ചവുമില്ലാത്ത ചുരംറോഡിൽ കുടുങ്ങിയ യാത്രക്കാർ ഭീതിയോടെയാണ്‌ വാഹനങ്ങളിൽ കഴിഞ്ഞത്‌. കാട്ടാനകൾ ഉൾപ്പെടെ ഇറങ്ങുന്ന മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലാണ്‌ ചുരംറോഡ്‌. വീരാജ്‌പേട്ടയിൽനിന്നടക്കം മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ദുരിതത്തിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top