12 October Saturday

ജില്ലാ പഞ്ചായത്തിന്റെ 
വിവരസഞ്ചയികാ പദ്ധതി പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
കണ്ണൂർ
ജില്ലയുടെ സമഗ്രവിവരശേഖരണത്തിന്‌ തുടക്കംകുറിച്ച്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ വിവരസഞ്ചയികാ പദ്ധതി പ്രവർത്തനം പൂർത്തിയായി. 46 പഞ്ചായത്തുകളുടെ സ്ഥിതിവിവരക്കണക്കുകൾ വിവരസഞ്ചയികയുടെ ഔദ്യോഗികപോർട്ടലിൽ അപ്‌ലോഡ്‌ ചെയ്‌തു. ഔദ്യോഗിക ഉദ്‌ഘാടനം കഴിഞ്ഞാൽ വൈബ്‌സൈറ്റിലെ വിവരങ്ങൾ  പൊതുജനങ്ങൾക്ക്‌ ലഭ്യമാകും. 
നാടിന്റെ വികസനാസൂത്രണപ്രക്രിയക്ക്‌ ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനാണ്‌  സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പുമായി ചേർന്ന്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതി നടപ്പാക്കിയത്‌. സാമൂഹ്യ, സാമ്പത്തിക വിവരങ്ങൾ ഡിജിറ്റൽവൽക്കരിക്കുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ ഡിസംബറിലാണ്‌ വിവരശേഖരണത്തിനുള്ള സർവേ നടന്നത്‌. വിവരസഞ്ചയിക ആപ്പുപയോഗിച്ച്‌ വാർഡ്‌ എന്യുമറേറ്റർമാരാണ്‌ വിവരം ശേഖരിച്ചത്‌. 
കുട്ടികൾ, വനിതകൾ, തൊഴിൽ, വിദ്യാഭ്യാസം, രോഗികൾ, ഭിന്നശേഷിക്കാർ, പ്രവാസികൾ, അതിഥിത്തൊഴിലാളികൾ എന്നിവയ്‌ക്കൊപ്പം, കൃഷി, വ്യവസായം,  മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള പ്രവർത്തനസ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. വ്യക്തിഗതവിവരങ്ങൾ ഒഴികെയുള്ള വിവരങ്ങളാണ്‌  ഡിജിറ്റലാക്കുന്നത്‌. 
വനമേഖലയായ ആറളം ഫാമുൾപ്പെടുന്ന വാർഡിൽ രണ്ടായിരത്തിലേറെ കുടുംബങ്ങളുള്ളതിനാൽ വിവരശേഖരണം പൂർത്തിയായില്ല. സാങ്കേതിക കാരണങ്ങളാൽ ചപ്പാരപ്പടവ്‌ പഞ്ചായത്തിലും സർവേ പൂർത്തിയായില്ല.  46 പഞ്ചായത്തുകളും സ്ഥിതിവിവരക്കണക്കുകൾ പുസ്‌തകരൂപത്തിൽ റിപ്പോർട്ടാക്കും
പോർട്ടൽ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്നതോടെ ഓരോ തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ എടുക്കാം. ഉദാഹരണത്തിന്‌ ഒരു പഞ്ചായത്തിൽ എത്ര തെങ്ങുകർഷകരുണ്ട്‌, ഒരു പഞ്ചായത്തിൽ എത്രപേർ ഐടി മേഖലയിൽ തൊഴിലെടുക്കുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാകും. വിവരങ്ങൾ പുതുക്കാനുള്ള സൗകര്യവും  പോർട്ടലിലുണ്ട്‌. നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ  ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭ്യമാക്കുന്നവിധം സജ്ജീകരിക്കും. ഒരു പുസ്‌തകത്തിൽ ഉൾക്കൊള്ളാവുന്നതിന്റെ നൂറുമടങ്ങ്‌ വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ നൽകാമെന്നതാണ്‌ പോർട്ടലിന്റെ സവിശേഷത. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top