ചെറുപുഴ
കനത്ത മഴ പെയ്തതിന് പിന്നാലെ കിണറിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായത് ചെറുപുഴ വയലായിലെ ഒരു വീട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണ കിണറിനുള്ളില്‍ കുഴല്‍ക്കിണർ കുഴിച്ചയിടമാണിത്. വേനല്‍ക്കാലത്ത് പോലും വറ്റാത്ത കിണറിലെ വെള്ളമാണ് പൊടുന്നനെ ഇല്ലാതായത്. കിണറിന്റെ അടിത്തട്ടില്‍ കരിങ്കല്ലുണ്ടായിട്ടും വെള്ളം വാര്‍ന്നുപോയ സംഭവം നാട്ടുകാരെയും അമ്പരപ്പിച്ചു.
വയലായിലെ പുറവക്കാട്ട് സണ്ണിയുടെ വീട്ടുകിണറാണ് കഴിഞ്ഞദിവസം പൊടുന്നനെ വറ്റിയത്. 40 അടി ആഴമുള്ള കിണറും അതിനുള്ളില്‍ 150 അടി ആഴത്തിലുള്ള കുഴല്‍ക്കിണറുമാണ് ഉള്ളത്. തുറന്ന കിണറിന്റെ അടിത്തട്ടില്‍ കരിങ്കല്ലായതിനാലാണ് ഏതാനും വര്‍ഷംമുമ്പ് ഇവര്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്.
ദിവസങ്ങളായി ചെറുപുഴ പ്രദേശത്ത് കനത്ത മഴ പെയ്തതിനാല്‍ തുറന്ന കിണറില്‍ ഒരാള്‍പൊക്കം വെള്ളമുണ്ടായിരുന്നതാണ്. എന്നാല്‍ കഴിഞ്ഞദിവസം വെള്ളമെടുക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് വെള്ളം പൂര്‍ണമായി വറ്റിപ്പോയത് വീട്ടുകാര്‍ അറിഞ്ഞത്. അടിത്തട്ടില്‍ ഉറച്ച കരിങ്കല്ലുണ്ടായിട്ടും വെള്ളം അപ്രത്യക്ഷമായതിന്റെ കാരണമറിയാതെ കുഴങ്ങുകയാണ് വീട്ടുകാര്‍. അതേസമയം കിണറിലേക്ക് വെള്ളം പമ്പു ചെയ്തുനോക്കിയപ്പോള്‍ കുമിളകള്‍ ഉയര്‍ന്നതായും പറയുന്നു. ധാരാളം ജലസ്രോതസുകളുള്ള പ്രദേശമാണ് വയലായി. ഇങ്ങനെ ഒരുപ്രദേശത്ത് വീട്ടുകിണറിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായതിന്റെ കാരണമറിയാതെ ആശങ്കയിലാണ് നാട്ടുകാർ.
സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വെള്ളംവറ്റലിന്റെ കാരണമെന്ന് കരുതുന്നു. ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുകയും അതിന്റെ ഫലമായി ചെറുതുരങ്കങ്ങള്‍ രൂപപ്പെട്ട് വെള്ളം ഒഴുകിപ്പോയതാണോയെന്ന ആശങ്കയുമുണ്ട്. കരിങ്കൽ പാറകൾക്കിടയിലെ വിള്ളലാണോ വെള്ളം വറ്റാൻ കാരണമെന്ന സംശയമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..