പയ്യന്നൂർ
കാർഷിക യന്ത്രങ്ങളേതായാലും തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കരിവെള്ളൂർ കുണിയനിലെ എ കെ സുമതിയും ടി ചന്ദ്രികയും ടി നന്ദിനിയും. കാർഷിക യന്ത്രങ്ങളെ ഇവർ കൂടെ കൂട്ടിയിട്ട് എട്ടു വർഷം.
ട്രാക്ടർ, ടില്ലർ, ബ്രഷ് കട്ടർ, തെങ്ങ് കയറ്റ യന്ത്രം, നടീൽ യന്ത്രം, കാട് വെട്ടിത്തെളിക്കുന്ന യന്ത്രം, ഗാർഡൻ ടില്ലർ, പാറ്റൽ യന്ത്രം തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ ഇവർ അനായാസം പ്രവർത്തിപ്പിക്കും. കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാൻ സ്‌ത്രീകളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരിവെള്ളൂർ–- പെരളം പഞ്ചായത്ത് കുടുംബശ്രീ നൽകിയ പരിശീലനത്തിലൂടെയാണ് ഇവർ കാർഷിക മേഖലയിൽ സജീവമായത്. പത്തു വനിതകളെ തെരഞ്ഞെടുത്ത് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നൽകിയ പരിശീലനം പൂർത്തിയാക്കിയ എട്ടുപേർ കരിവെള്ളൂർ വനിതാ കാർഷിക സേന രൂപീകരിച്ച് കൃഷിഭവനിൽ രജിസ്‌റ്റർ ചെയ്‌തു. പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കി.
സബ്സിഡിയോടെ 13 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. നിലമൊരുക്കാനും വിതയ്‌ക്കാനും കൊയ്യാനും കാട് വെട്ടിത്തെളിക്കാനുമെല്ലാം പാടത്തും പറമ്പിലും സജീവമാണിവർ. കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ യന്ത്രങ്ങളുടെ ഉപയോഗം ഏറെ സഹായമായി. എട്ടുപേർ ചേർന്നാണ് വനിതാ കാർഷിക സേന തുടങ്ങിയതെങ്കിലും ഇപ്പോൾ മൂന്നു പേരേ രംഗത്തുള്ളൂ. പഞ്ചായത്തിന്റെ തരിശ് രഹിത ഗ്രാമം പദ്ധതിയിൽ ഇവരുടെ സേവനം ശ്രദ്ധേയമാണ്. വർഷം കാർഷിക മേഖലയിലെ വ്യത്യസ്ത യന്ത്രങ്ങളുടെ ഉപയോഗത്തിനുള്ള കൃഷി വകുപ്പിന്റെ ശ്രമശക്തി പുരസ്‌കാരം രണ്ടാം സ്ഥാനം എ കെ സുമതിയെ തേടിയെത്തി. കാർഷിക മേഖലയിലേക്ക് കടന്നുവരുന്ന യുവജനങ്ങളെ കാർഷിക യന്ത്രങ്ങൾ പരിശീലിപ്പിക്കാനും തയ്യാറാണെന്ന് സുമതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..