19 December Thursday

വികസനം പാലമിടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

രാമന്തളി ചൂളക്കടവ് –- കൊറ്റി പാലം നിർമ്മിക്കുന്ന കവ്വായി കായൽ

പയ്യന്നൂർ
ഒരുപ്രദേശത്തെ  ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. രാമന്തളി പഞ്ചായത്തിലെ  ചൂളക്കടവിനെയും  പയ്യന്നൂർ നഗരസഭയിലെ കൊറ്റിക്കടവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണ പ്രവൃത്തി 15ന്  പകൽ  മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. 
    വർഷങ്ങളുടെ കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്  പാലത്തിന്.  രാമന്തളി പഞ്ചായത്തിന്റെ വടക്കേ അറ്റവും  നഗരസഭയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതാണ് പാലം. നിലവിൽ ചൂളക്കടവ്, വടക്കുമ്പാട് പ്രദേശത്തുള്ളവർ കിലോമീറ്റുകളോളം ചുറ്റി സഞ്ചരിച്ച്  പുന്നക്കടവ് പാലത്തിലൂടെയാണ് പയ്യന്നൂരിലെത്തുന്നത്. 18 വർഷം മുമ്പ് യുഡിഎഫ് ഭരണകാലത്ത് മന്ത്രി എം കെ മുനീർ ഇട്ട കല്ല് ഇന്നും കാടുമൂടിയിട്ടുണ്ട്‌. 2019ൽ എൽഡിഎഫ്‌ ഭരണകാലത്ത്‌ അന്നത്തെ എംഎൽഎ സി കൃഷ്‌ണന്റെ ഇടപെടലിൽ  കിഫ്ബിയിൽപ്പെടുത്തി 18.46 കോടിയുടെ ഭരണാനുമതി നൽകി. ഇതിനിടെയാണ്‌  കവ്വായിപ്പുഴ ദേശീയ ജലപാതയുടെ ഭാഗമായതിനാൽ പാലത്തിന്റെ ഡിസൈനിൽ മാറ്റം വേണമെന്ന് ഇൻലാൻഡ്‌  നാവിഗേഷൻ വകുപ്പിന്റെ നിർദേശമെത്തിയത്‌.  ഡിസൈനിൽ മാറ്റംവരുത്തി ടി ഐ മധുസൂദനൻ എംഎൽഎയുടെ ഇടപെടലിൽ പ്രതിസന്ധികൾ നീക്കി പാലം നിർമാണത്തിന്  28 കോടിയുടെ  രൂപയുടെ ഭരണാനുമതി ലഭ്യമാക്കി.
   പയ്യന്നൂർ നഗരസഭാ പരിധിയിൽ  അപ്രോച്ച് റോഡിനായി എറ്റെടുക്കേണ്ടിവരുന്ന 42 സെന്റ് സ്ഥലത്തിന്റെ തുകകൂടി ഉൾപ്പെടുത്തിയുള്ള തുകയ്‌ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. ഇതേതുടർന്ന് പാലം നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ എംഎൽഎയുടെ നേതൃത്വത്തിൽ വേഗത്തിലാക്കി.  228.2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആറ് സ്പാനോടെയുള്ള  പാലമാണ് നിർമിക്കുന്നത്. ഇരുവശവും നടപ്പാതയും വലിയ ബോട്ടുകൾക്ക് പോകാനാകുംവിധത്തിൽ ആറുമീറ്റർ ഉയരവും പാലത്തിനുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top