22 December Sunday

ഗവേഷണ സൗകര്യമൊരുക്കി 
-വിദ്യാലയങ്ങളിൽ ‘സ്ട്രീം എക്കോ സിസ്റ്റം’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
കണ്ണൂർ
പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന്  പ്രാധാന്യം നൽകി  സമഗ്രശിക്ഷാ കേരളം സ്‌കൂളുകളിൽ  ‘സ്ട്രീം എക്കോ സിസ്റ്റം’ ഒരുക്കുന്നു. കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കുകയും വിജ്ഞാനത്തിന്റെ  വിവിധ ധാരകളെ സമന്വയിപ്പിക്കുകയും ചെയ്യുന്ന പഠനരീതിക്കാണ് ഇതിൽ പ്രാമുഖ്യം. 
ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, എൻജിനിയറിങ്, കലകൾ, ഗണിതം എന്നിവ  സമന്വയിപ്പിക്കും.  ജില്ലയിലെ 15 ബിആർസി പരിധിയിൽ തെരഞ്ഞെടുത്ത ഓരോ സ്‌കൂളിലും സ്ട്രീം ലേണിങ് ഹബ്ബുകൾ ഒരുക്കും. ഇന്റർ ഡിസിപ്ലിനറി പഠനത്തിന് സഹായകരമാകുന്ന പ്രവർത്തനാധിഷ്ഠിത ലാബുകളായിരിക്കും ഇവ. 
 സ്‌കൂൾ സ്ട്രീം ഹബ്ബുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അഞ്ച് മുതൽ 12–-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് സമഗ്രശിക്ഷാ കേരളവും കൊച്ചി സർവകലാശാലയും ചേർന്ന്‌ 16,17 തീയതികളിൽ പരിശീലനം നൽകും.  
  കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ അഞ്ച് പ്രൊജക്ടുകൾ  എല്ലാ ബിആർസികളും തയ്യാറാക്കിയിരുന്നു. ഈ പ്രൊജക്ടുകളുടെ അടിസ്ഥാനത്തിൽ കൊച്ചി സർവകലാശാലയിൽ അക്കാദമിക് ചർച്ചയും നടത്തി. ഇവയിൽ  മികച്ച മൂന്നെണ്ണമാണ്‌  ഓരോ ബിആർസിയിലും നടത്തുന്നത്. 
 45 അക്കാദമിക് പ്രൊജക്ടുകൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നിർവഹിക്കും. ഹൈസ്‌കൂൾ വിഭാഗത്തിൽ  രണ്ട് പ്രൊജക്ടുകളും യുപി വിഭാഗത്തിൽ  ഒരു പ്രൊജക്ടും. അക്കാദമിക സമിതികളും ഉണ്ടാവും.  
 ഹബ്‌ സ്‌കൂളും അതിനു ചുറ്റുമുള്ള വിദ്യാലയങ്ങളും ചേർന്നുള്ള ഇക്കോ സിസ്റ്റമാണ്‌ വികസിപ്പിക്കുക.  ഓരോ പ്രൊജക്ടിലും  ഒന്നിലധികം വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഗമാകും. 
ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, റിസർച്ച് സെന്ററുകൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണവുമുണ്ടാകും.   ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സെമിനാറുകളും സംഘടിപ്പിക്കും.  താൽപര്യമുള്ള വിദ്യാർഥികളും  അധ്യാപകരും  ബിആർസികളിൽ ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top