03 November Sunday
കായകൽപ്പ്‌ പുരസ്‌കാരം

8 സർക്കാർ ആശുപത്രികൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പഴയങ്ങാടി താലൂക്ക് ആശുപത്രി

കണ്ണൂർ
സംസ്ഥാന കായകൽപ്പ് അവാർഡിൽ അഭിമാനനേട്ടവുമായി ജില്ല. വിവിധ മേഖലകളിലായി ജില്ലയിലെ എട്ട് സർക്കാർ ആശുപത്രികൾ  പുരസ്‌കാരം നേടി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ചതാണ് ഈ പുരസ്‌കാരം. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളുടെ വിഭാഗത്തിൽ 74.09 ശതമാനം മാർക്ക് നേടി  മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുലക്ഷം രൂപയാണ് അവാർഡ്  തുക. അതോടൊപ്പം ഉപജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികളിൽ  പഴയങ്ങാടി താലൂക്ക് ആശുപത്രി 76.59 ശതമാനം മാർക്കോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒരുലക്ഷം രൂപയാണ് അവാർഡ് തുക.
നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറ (89.82%)യും അവാർഡ്‌ നേടി. പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിൽ എഫ്എച്ച്സി കതിരൂർ, എഫ്എച്ച്സി പറശിനിക്കടവ്, എഫ്എച്ച്സി വളപട്ടണം എന്നീ സ്ഥാപനങ്ങൾ അവാർഡ്‌ നേടി.  ജില്ലാതലത്തിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയ എച്ച്ഡബ്ല്യസി മുള്ളൂൽ (72.5%), എച്ച്ഡബ്ല്യുസി വേങ്ങാട് (71.2%) എന്നീ ജനകീയ ആരോഗ്യകേന്ദ്രങ്ങളും അവാർഡിനർഹരായി.
 
ശുചിത്വ മികവിൽ
ചെറുകുന്ന്
സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് കമൻഡേഷൻ പുരസ്കാരം പഴയങ്ങാടി താലൂക്കാശുപത്രിക്ക് .  സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ്‌  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്‌. 
ദിനേന എഴുനൂറോളംപേരെത്തുന്ന  കല്യാശേരി ബ്ലോക്ക് പഞ്ചായത്ത്‌ നിയന്ത്രണത്തിലുളള ആശുപത്രിയിൽ  ഒരു കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്‌. എക്സ്റേ യൂണിറ്റ്, നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവ സജ്ജമായി. ഒമ്പതുകോടി രൂപ ചെലവഴിച്ചുള്ള മെറ്റേണിറ്റി ബ്ലോക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. എം വിജിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്-, കിഫ്ബി ഫണ്ട് എന്നിവയുപയോഗിച്ചുള്ള ഐസൊലേഷൻ വാർഡും  സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണവും അന്തിമഘട്ടത്തിലാണ്. 
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ ചെയർമാനും ആശുപത്രി സൂപ്രണ്ട്  പി ടി അനി കൺവീനറുമായ  കമ്മിറ്റിയാണ്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top