17 September Tuesday

തളിപ്പറമ്പ്‌ സർ സയിദ്‌ കോളേജിലും 
ജോബ്‌ സ്‌റ്റേഷൻ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

സർസയ്യിദ് കോളേജ് ജോബ് സ്റ്റേഷൻ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
തളിപ്പറമ്പ്‌ മണ്ഡലത്തിലെ ജനതയുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക്‌  വേഗം കൂട്ടാൻ ഒമ്പതാമത്‌ ജോബ്‌ സ്‌റ്റേഷൻ തളിപ്പറമ്പ്‌ സർ സയിദ്‌ കോളേജിൽ പ്രവർത്തനം തുടങ്ങി. തളിപ്പറമ്പ്‌ സാമ്പത്തിക വികസന കൗൺസിലിന്റെ (ടിഇഡിസി) എംപ്ലോയ്‌മെന്റ്‌ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ പ്രൊജക്ടിന്റെ ഭാഗമായാണ്‌ ജോബ്‌ സ്റ്റേഷൻ സജ്ജീകരിച്ചത്‌. മണ്ഡലത്തിലെ അഭ്യസ്‌തവിദ്യരായ  മുഴുവൻ ഉദ്യോഗാർഥികൾക്കും ഇഷ്‌ടമുള്ള തൊഴിൽ  നേടാൻ സഹായിക്കുന്ന വിജ്ഞാനസേവന സൗഹൃദകേന്ദ്രമായാണ്‌ ജോബ്‌ സ്‌റ്റേഷൻ വിഭാവനം ചെയ്യുന്നത്‌. കേരള നോളജ്‌ ഇക്കണോമി മിഷനുമായി സഹകരിച്ചുള്ള  പദ്ധതി മണ്ഡലത്തിലെ മുഴുവനാളുകൾക്കും എളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന രീതിയിലാണ്‌ സജ്ജീകരിച്ചത്‌. 
   സർസയിദ്‌ കോളേജ്‌ ലൈബ്രറിയിൽ  ജോബ്‌ സ്‌റ്റേഷൻ എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  വിദ്യാഭ്യാസയോഗ്യതയ്‌ക്കൊപ്പം തൊഴിൽ നൈപുണ്യവും നേടണമെന്ന്‌ അദ്ദേഹം പറഞ്ഞു. നോളജ്‌ ഇക്കണോമി മിഷൻ  പോർട്ടലിൽ തളിപ്പറമ്പ്‌ മണ്ഡലത്തിലെ 12822 ഉദ്യോഗാർഥികളാണ്‌  രജിസ്‌റ്റർ ചെയ്‌തത്‌. 8652 പേരെ ബന്ധപ്പെടാൻ കഴിഞ്ഞു. 7276 പേർ തുടർ പ്രവർത്തനങ്ങളെക്കുറിച്ചയാൻ താൽപ്പര്യപ്പെട്ടു. 3380 പേർ കരിയർ കൗൺസലിങ്‌ പൂർത്തിയാക്കി. രണ്ട്‌ തൊഴിൽ മേളകളും ആറ്‌ പ്ലേസ്‌മെന്റ്‌ ഡ്രൈവുകളും കഴിഞ്ഞപ്പോൾ നാനൂറോളം പേർക്ക്‌ തൊഴിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 
     കോളേജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ  പി മഹമൂദ്‌  അധ്യക്ഷനായി. തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കുമുള്ള  കോമൺ കണക്ടിങ്‌ നമ്പർ കേരള നോളജ്‌ ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല പ്രകാശിപ്പിച്ചു. സായ്‌ അസി. ഡയറക്ടർ പി ആരതി  വെബ്‌സൈറ്റ്‌ ലോഞ്ച്‌ ചെയ്‌തു. കുടുംബശ്രീ ജില്ലാമിഷൻ ടി ടി സുരേന്ദ്രൻ, താലൂക്ക്‌ വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി,  മഹമൂദ്‌ ആലംകുളം, ഡോ. ടോജോ എബ്രഹാം, ഡോ. എസ്‌ എം ഷാനസവാസ്‌, സി കെ ഹംസ, ഡോ. ടി എം വി മുസ്‌തഫ, ടി മുസ്‌തഫ എന്നിവർ സംസാരിച്ചു. കോളേജ്‌ പ്രിൻസിപ്പൽ  ഡോ. ഇസ്‌മയിൽ ഒലായിക്കര സ്വാഗതവും  ടിഇഡിസി  കോ ഓഡിനേറ്റർ കെ ലിഷ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top