18 September Wednesday
കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ

മാധ്യമങ്ങൾ ‘കാണാതെ’എസ്‌എഫ്‌ഐ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

 കണ്ണൂർ

കണ്ണൂർ സർവകലാശാലയ്‌ക്കുകീഴിലെ കോളേജുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ചരിത്രമുന്നേറ്റം നടത്തിയിട്ടും മാധ്യമങ്ങളുടെ നുണപ്രചാരണം. കെഎസ്‌യുവിന്റെ തിരിച്ചുവരവെന്ന നിലയിലാണ്‌ മനോരമ, മാതൃഭൂമി, ദി ഹിന്ദു തുടങ്ങിയ പത്രങ്ങൾ വ്യാജവാർത്ത ചമച്ചത്‌. തെരഞ്ഞെടുപ്പിനുമുമ്പ്‌ എസ്‌എഫ്‌ഐക്കെതിരായി പ്രചരിപ്പിച്ച സകല നുണകളും വിദ്യാർഥികൾ തള്ളിയതിന്റെ ജാള്യംമറയ്‌ക്കാനാണ്‌ ഈ കടുംകൈ. 
 
   സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടന്ന 65ൽ 45 കോളേജിലും വൻ ഭൂരിപക്ഷത്തോടെയാണ്‌ എസ്‌എഫ്‌ഐയുടെ ജയം. കണ്ണൂർ, കാസർകോട്‌, വയനാട്‌ ജില്ലകളിൽ ആധിപത്യം സ്ഥാപിച്ചു. കണ്ണൂർ കൃഷ്‌ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്‌ നേടാനായില്ലെങ്കിയലും കെഎസ്‌യു തുടർച്ചയായി ജയിച്ച മട്ടന്നൂർ കോൺകോഡ്‌ കോളേജ്‌, സലഫി ബിഎഡ്‌ കോളേജ്‌, രാജപുരം സെന്റ്‌ പയസ്‌ ടെൻത്‌ കോളേജ്‌ തുടങ്ങിയവ പിടിച്ചെടുത്തു. മറ്റ്‌ പ്രധാന കോളേജുകളിലെല്ലാം സമ്പൂർണ ആധിപത്യം തുടർന്നു. നിരവധി കോളേജുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും വർധനയുണ്ടാക്കി. കഴിഞ്ഞ വർഷം 55 കൗൺസിലർമാരെന്നത്‌ ഇത്തവണ ഇതിനകം 54 ആയി.  ശക്തികേന്ദ്രങ്ങളായ മൂന്ന്‌ സർവകലാശാലാ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടക്കാനുമുണ്ട്‌. 
 
   കാര്യങ്ങളിങ്ങനെയെന്നിരിക്കെ, എസ്‌എഫ്‌ഐ കോട്ടകളിൽ കെഎസ്‌യു കൊടുങ്കാറ്റ്‌ സൃഷ്ടിച്ചെന്നാണ്‌ ‘ദി ഹിന്ദു’വിന്റെ കണ്ടെത്തൽ. കെഎസ്‌യു വാർത്താക്കുറിപ്പ്‌ അപ്പടി പകർത്തിയാണ്‌ ഈ വിധേയത്വം. ‘ മനോരമ’ പരോക്ഷമായി കെഎസ്‌യു –- എംഎസ്‌എഫ്‌ മുന്നേറ്റമെന്ന്‌ വരുത്താൻ ശ്രമിക്കുകയായിരുന്നു. ‘എല്ലാവർക്കും വിജയാരവം’ എന്ന തലക്കെട്ടിൽ വിദ്യാർഥി സംഘടനകളുടെ അവകാശവാദമായി വാർത്ത കൊടുത്താണ്‌ ഈ ഉരുണ്ടുകളി. മനോരമയുടെ റിപ്പോർട്ടർമാർക്ക്‌ നേരിട്ട്‌ കോളേജിൽനിന്ന്‌ വാർത്ത കിട്ടില്ലെന്നത്‌ കൗതുകകരമാണ്‌. 
 
   ‘എസ്‌എഫ്‌ഐയ്‌ക്ക്‌ മേൽക്കൈ, മുന്നേറി കെഎസ്‌യു സഖ്യം’ –- എന്നാണ്‌ മാതൃഭൂമി പറയുന്നത്‌. കെഎസ്‌യു മുൻ വർഷത്തേക്കാൾ വലിയ മുന്നേറ്റംനടത്തിയെന്നാണ്‌ അവരുടെ കണ്ടുപിടിത്തം. ഈ മുന്നേറ്റം എവിടെയെന്ന്‌ സ്വന്തംനിലയിൽ പറയാനാകാതെ അവരും കെഎസ്‌യു അവകാശവാദമാണ്‌ വാർത്തയിൽ പൊലിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top