18 September Wednesday

കണ്ണൂരിനെ സ്‌നേഹിച്ച നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റുനേതാക്കളുംചേർന്ന് പയ്യാമ്പലത്തേക്കു സംസ്കാരത്തിനായി കൊണ്ടുപോകുന്നു (ഫയൽപടം)

കണ്ണൂർ
കണ്ണൂരുമായി എന്നും ആത്മബന്ധം പുലർത്തിയ പ്രിയനേതാവായിരുന്നു യെച്ചൂരി. ഒടുവിൽ എത്തിയത്  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്. ഏപ്രിൽ 15ന്‌ കണ്ണൂരിലെത്തിയ യെച്ചൂരി 16ന്‌ കാലത്ത്‌ കാസർകോട്‌ ജില്ലയിലും ഉച്ചയ്‌ക്കുശേഷം കണ്ണൂർ ജില്ലയിലും പ്രസംഗിച്ചു. 16ന്‌ ഉച്ചയ്‌ക്ക്‌ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിനുശേഷം ‘ദേശാഭിമാനി’ക്ക്‌ പ്രത്യേക അഭിമുഖം അനുവദിച്ചു. പിന്നീടാണ്‌ പഴയങ്ങാടി, മമ്പറം എന്നിവിടങ്ങളിൽ പ്രസംഗിച്ചത്‌. വാർത്താസമ്മേളനത്തിൽ ഇലക്‌ട്രൽ ബോണ്ട്‌ അഴിമതിയിൽ ഊന്നിയപ്പോൾ പൊതുപരിപാടികളിൽ ബിജെപിയുടെ മാംസഭക്ഷണ വിരോധത്തെ കുറിച്ചായിരുന്നു പ്രസംഗിച്ചത്‌.
 ഹിന്ദുമതവിശ്വാസികളുടെ പ്രമുഖ ആരാധനാകേന്ദ്രമായ മാടായിക്കാവിലെ പ്രധാന നിവേദ്യം മാംസമായതുൾപ്പെടെ ചൂണ്ടിക്കാട്ടി ബിജെപിയുടെ  കാപട്യത്തെ തുറന്നുകാട്ടുന്നതായിരുന്നു പഴയങ്ങാടിയിലെ സംസാരം. ജില്ലയിലെ ഏതാണ്ട്‌ പ്രധാനകേന്ദ്രങ്ങളിലെല്ലാം പലഘട്ടങ്ങളിലായി  യെച്ചൂരി പ്രസംഗിച്ചിട്ടുണ്ട്‌. കാച്ചിക്കുറുക്കിയ പ്രസംഗത്തിലൂടെ ഓരോ കേൾവിക്കാരെയും കൈയിലെടുക്കുമായിരുന്നു. ജില്ലയിലെ ഓരോ സിപിഐ എം പ്രവർത്തകന്റെയും ഹൃദയത്തിലാണ്‌ സഖാവിന്റെ സ്ഥാനം.
  കെഎസ്‌ടിഎ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനായിരുന്നു അതിനുമുമ്പ്‌ കണ്ണൂരിൽ വന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കോടിയേരി ബാലകൃഷ്‌ണന്‌ വിടനൽകാനെത്തിയ യെച്ചൂരി നടത്തിയ വികാരനിർഭരമായ പ്രസംഗം ഏവരുടെയും ഉള്ളുലച്ചതായിരുന്നു. 2022 ഒക്‌ടോബർ ഒന്നിനായിരുന്നു കോടിയേരി അന്തരിച്ചത്‌. ഒക്‌ടോബർ രണ്ടിന്‌ കണ്ണൂരിലെത്തിയ യെച്ചൂരി മൂന്നിന്‌ വൈകിട്ട്‌ സംസ്‌കാരശേഷം ചേർന്ന അനുശോചന യോഗത്തിൽകൂടി പങ്കെടുത്തശേഷമായിരുന്നു തിരിച്ചുപോയത്‌. 
   2022 ഏപ്രിൽ ആറുമുതൽ 10വരെ കണ്ണൂരിൽ ചേർന്ന 24ാം പാർടി കോൺഗ്രസിലാണ്‌ മൂന്നാം തവണയും ജനറൽ സെക്രട്ടറിയായത്‌. പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ ഏപ്രിൽ നാലിനുതന്നെ കണ്ണൂരിലെത്തി. പിന്നീട്‌ കോൺഗ്രസ്‌ വിജയകരമായി നടത്താൻ ചുക്കാൻ പിടിച്ചു. പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട്‌ നടത്തിയ വാർത്താസമ്മേളനങ്ങൾ ഓരോന്നും മാധ്യമപ്രവർത്തകർക്ക്‌ വേറിട്ട അനുഭവമായിരുന്നു. കണ്ണൂരിലെത്തിയാൽ മിക്കപ്പോഴും പയ്യാമ്പലത്തെ ഗസ്‌റ്റ്‌ ഹൗസിലായിരുന്നു താമസിച്ചത്‌. 
കണ്ണൂരിലെ നേതാക്കളുമായും പ്രവർത്തകരുമായുമെല്ലാം വലിയ സൗഹൃദം പുലർത്തി. സിപിഐ എമ്മിന്റെ ഏറ്റവും കരുത്തുറ്റ ഘടകമാണ്‌ കണ്ണൂരെന്ന്‌  ആവർത്തിച്ചുപറയുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top