കൂത്തുപറമ്പ്
പഠനത്തിന്റെ ഇടവേളയിൽ ആറാംക്ലാസുകാരൻ സഹപാഠികൾക്കൊപ്പം പാടിപ്പറഞ്ഞ റാപ് സോങ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മെരുവമ്പായി എംയുപി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് യാസീൻ സിനോജാണ് വ്യത്യസ്ത ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയത്.
‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ് ' എന്നു തുടങ്ങി... കൽക്കണ്ടക്കനിയേ കരളിന്റെ കഷ്‌ണേ എന്നടക്കമുള്ള 45 സെക്കന്റ് നീളുന്ന ബീവി റാപ് സോങ്ങാണ് സമൂഹ മാധ്യമത്തിൽ തരംഗമായത്. 45 സെക്കൻഡ് നീളുന്ന റാപ് സംഗീതം നാലുദിവസംകൊണ്ട് കണ്ടത് എട്ടു മില്യനിലേറെ ആളുകൾ.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പാട്ട് ഫേയ്‌സ്ബുക്ക് പേജിൽ ഷെയർ ചെയ്‌തു. സിനോജ് പാടിയത് ക്ലാസധ്യാപിക എം ദൃശ്യയാണ് ചിത്രീകരിച്ച് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.
ടീച്ചറുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കൂടിയായപ്പോൾ മുഹമ്മദ് യാസീൻ സിനോജ് തകർത്തു.സഹപാഠികളായ കെകെ മുഹമ്മദ് സെയ്ൻ, സി നിസാമുദ്ദീൻ എന്നിവർ ബെഞ്ചിൽ താളം കൊട്ടി പിന്തുണ നൽകിയതോടെ പാട്ടിന്റെ ലെവൽ മാറി. ബീവി റാപ് സോങ്ങ് പാടിയ എൻകെ റിഷും വിദ്യാർഥികൾക്ക് പിന്തുണയുമായെത്തി. നേരത്തെ മെരുവമ്പായി എംയുപി സ്‌കൂളിലെ വിദ്യാർഥികളായ കെ മുഹമ്മദ് സ്വാലിഹ്,എംപി മുഹമ്മദ് സഹീദ്, മുഹമ്മദ് അഫ് ലഹ് എന്നിവർ ചേർന്ന് പാടിയ ഹിന്ദി സോങ് സ്കൂളിലെ ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായിരുന്നു. നാലുകോടിയിലേറെ പേരാണ് ആ വീഡിയോ കണ്ടത്. ദൃശ്യയായിരുന്നു ഈ വീഡിയോയും പകർത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..